പാദപൂജ

October 28, 2011 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
അഗ്നിജയം
എന്റെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ജീവന്മുക്തന്റെ സര്‍വലക്ഷണങ്ങളും തികഞ്ഞ യോഗിവര്യനായിരുന്നു. സ്വാര്‍ത്ഥമെന്നോ പരാര്‍ത്ഥമെന്നോ ഉള്ള ചിന്തയില്‍ വ്യത്യസ്തഭാവമില്ലാതെ കര്‍മങ്ങള്‍ നിരപേക്ഷനായി ചെയ്തു തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഭൂതമാത്രകളെ ജയിക്കുവാനും നിയന്ത്രിക്കുവാനും കഴിഞ്ഞിരുന്നു. ഒരു ചെറിയ ഉദാഹരണം കൊണ്ട് ഇക്കാര്യം വ്യക്തമാക്കാം. എന്നോടൊത്ത് പ്രൈമറി സ്‌കൂളില്‍ പഠിച്ച ‘ബാലന്‍’ എന്നു പേരുള്ള ഒരു സ്‌നേഹിതന്‍ ഒരു ദിവസം ആശ്രമത്തിലെത്തി. കൂട്ടുകാരനായ ഞാന്‍ ആശ്രമത്തിലുണ്ടല്ലോ എന്ന സമാധാനം അതിനൊരു കാരണമായിരുന്നു. സ്വാമിജിയെ ദര്‍ശിക്കുന്നതിന് അവന്റെ കര്‍മത്തിനുണ്ടായ അവകാശമാണ് രണ്ടാമത്തെ കാരണം.  മൂത്രസംബന്ധമായ രോഗത്തിന് പരിഹാരം കാണണമെന്നുള്ളത് മൂന്നാം കാരണം. സ്വാമിജിയെ കാണണമെന്നുള്ളത് നാലാമത്തേത്. ഭിഷഗ്വരന്മാര്‍ ഉപദേശിച്ചിരുന്ന ശസ്ത്രക്രിയ ഒഴിവാക്കണമല്ലോ എന്നത് അഞ്ചാമത്തെ കാരണം. ഇങ്ങനെ പല കാരണങ്ങളുടെ ഒരുമിച്ചു ചേര്‍ന്ന ഏകാനുഭവം സമ്പാദിക്കുന്നതിന് ബാലന് ലഭിച്ച അര്‍ഹത ഒരു കാരണം കൊണ്ടും മറ്റൊരാള്‍ക്കവകാശപ്പെടാന്‍ സാധ്യമല്ല.

കരഞ്ഞുകൊണ്ട് സ്വാമിജിയുടെ പാദത്തിലഭയം പ്രാപിച്ച എന്റെ കൂട്ടുകാരനു ലഭിച്ച ആശ്വാസം അത്ഭുതത്തോടുകൂടിയാണ് ഞാനെന്നും ഓര്‍മിക്കുന്നത്. നിവേദ്യത്തിന് പായസം തയ്യാറാക്കുന്ന ജോലി എന്നെ ഏല്‍പ്പിച്ചിരുന്നു. തുന്നിക്കെട്ടിയ കീറത്തുണിക്കഷ്ണങ്ങള്‍ സാധാരണ മേല്‍മുണ്ടിന്റെ സ്ഥാനത്ത് അദ്ദേഹം ധരിച്ചിരുന്നു. അതില്ലാതെ ഒരിക്കലും ഞാന്‍ സ്വാമിജിയെ കണ്ടിട്ടില്ല. സ്വമിജിയുടെ സമീപത്തുകൂടി കടന്നുപോയാല്‍ അനുഭവപ്പെടുന്ന സുഗന്ധം അകലെ നിന്നു കീറമുണ്ടുകാണുമ്പോള്‍ അവജ്ഞതോന്നുന്ന പരിഷ്‌കൃത മാനസര്‍ക്കും അനുഭവാര്‍ഹമാണ്.

സ്വാമിജിയുടെ മുഖഭാവം അല്പം പ്രൗഢവും ഗൗരവമുള്ളതുമായി എനിക്കു തോന്നി. ബാലന്‍ ആശ്രമത്തിലെത്തി സ്വാമിജിയെ കണ്ടയുടന്‍ ഇരിക്കുകയായിരുന്ന സ്വാമിജി എണീറ്റ് അടുക്കളയിലേക്ക് നടന്നു. ക്രൂരത നശിച്ച സിംഹത്തിന്റെ മുഖത്തിന് ദേവചൈതന്യം ലഭിച്ചാലുള്ള പ്രൗഢി ആ മുഖത്തു കളിയാടിയിരുന്നു. മറ്റൊരു കാര്യം ചിന്തിച്ചു എന്നു തോന്നാന്‍ പോലും ഇടം കൊടുക്കാത്ത ഭാവം അല്പനേരം സ്ഥിരമായി കണ്ടു.

അടുക്കളയില്‍ ശര്‍ക്കരചേര്‍ത്ത പായസം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അടുപ്പിനടുത്തെത്തിയ സ്വാമിജി തിളയ്ക്കുന്ന പായസത്തിനകത്ത് കൈ താഴ്ത്തി. കൈയില്‍ ലഭിച്ച ഒരു പിടി പായസവുമായി, വേദനകൊണ്ട് പുളയുന്ന എന്റെ കൂട്ടുകാരന്റെ സമീപത്തെത്തി. അദ്ദേഹം അല്പം പുറകോട്ടു നീങ്ങി. എന്നാല്‍ സംഭവിച്ചത് അതിന് വിപരീതമായിരുന്നു. ”തുറക്കെടാ വാ” എന്നു സ്വാമിജി ആജ്ഞാപിച്ചത് അലംഘനീയമായ ശേഷിയോടെയായിരുന്നു. അറിയാതെ പെട്ടെന്ന് കൂട്ടുകാരന്‍ വായ് തുറന്നു. തന്റെ കൈയിലിരുന്ന തിളയ്ക്കുന്ന പായസം സ്വാമിജി ബാലന്റെ വായില്‍ നിക്ഷേപിച്ചു. ചൂടിനെപ്പറ്റിയുള്ള ഓര്‍മയുടെ ചിന്തയില്‍ നിന്നുണ്ടായ ഭയം അനുഭവത്തിലുണ്ടായില്ല. ഒരു മിനിറ്റിനുള്ളില്‍ ബാലന്റെ മുഖത്ത് പ്രസന്നത പടര്‍ന്നു. ”വേഗം പൊയ്‌ക്കോളൂ” എന്ന അടുത്ത ആജ്ഞയുടെ ശക്തിയില്‍ ബാലന്‍ എണീറ്റു സ്വാമിജിയെ നമസ്‌കരിച്ച് യാത്ര തിരിച്ചു. റോഡിലൂടെ അല്പവും വേദനയില്ലാതെ സ്വമിജിയുടെ അപദാനങ്ങള്‍ ചിന്തിച്ച് വീട്ടിലേക്ക് നടന്നു. വഴിക്ക് വച്ച് മൂത്രശോധന നടത്തുന്നതിന് ഒഴിഞ്ഞ ഭാഗത്തിരുന്നു. മൂത്രകൃച്ഛ്രത്തെപ്പറ്റിയൊന്നും അറിഞ്ഞുകൂടാത്ത ബാലന് മൂത്രത്തിലൂടെ എന്തോ ഒരു വസ്തു വെളിയിലേക്ക് പോയതായി തോന്നി. അതിനുശേഷം പിന്നീടൊരിക്കലും അയാള്‍ക്ക് ആ രോഗം ഉണ്ടായിട്ടേയില്ല. എനിക്ക് സ്വാമിജിയുടെ കൈയെപ്പറ്റിയായിരുന്നു ചിന്ത. കൈയ്ക്ക് ചൂടുനിമിത്തം എന്തെങ്കിലും സംഭവിച്ചോ എന്ന സംശയം എന്റെ മനസ്സിലുണ്ടായി സ്വാമിജിയോട് അധികം സംശയങ്ങളൊന്നും ചോദിക്കുന്ന പതിവില്ലാത്തതിനാല്‍ ഞാനതു മനസ്സിലടക്കി. എന്റെയുള്ളില്‍ ഈ ചിന്ത അടങ്ങിയരിക്കുന്നുവെന്നത് സ്വാമിജിക്ക് മനസ്സിലായി, ഉത്തരം ഉടന്‍ തന്നെ ലഭിച്ചു. ”എടോ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് ചൂടും തണുപ്പും അറിഞ്ഞുകൂടാ”. അന്നെനിക്ക് അതേപ്പറ്റി അത്ര മനസിലാക്കുന്നതിന് കഴിഞ്ഞില്ലെങ്കിലും മറന്നുപോകാതെ എന്റെ മനസ്സിലിരുന്ന അനുഭവമാണ് ഈ കുറിപ്പിന് പ്രേരിപ്പിച്ചത്. ആരാധനാ സമയത്ത് കത്തിജ്വലിക്കുന്ന കര്‍പ്പൂരം സ്വാമിജിയുടെ നീണ്ട ശ്മശ്രുക്കളിലൂടെ കടന്നു പോകുമ്പോള്‍ പരിചയമില്ലാത്ത പലരും ”അയ്യോ എന്ന് ശബ്ദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ആത്മപൂജയുടെ അന്തഃശക്തിയില്‍ ഭൂതാംശങ്ങളുടെ സ്വാധീനത ലയിച്ചടങ്ങിയിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.

സിദ്ധി-അഹങ്കാരശമനത്തിന്
പരിചയമില്ലാത്ത പലര്‍ക്കും അത്ഭുതമായിത്തോന്നിയ അനുഭവങ്ങള്‍ സ്വാമിജിയെ അറിയുന്നവര്‍ക്ക് സാധാരണ സംഭവമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സാധാരണകൃത്യങ്ങളും അത്ഭുതങ്ങള്‍ ജനിപ്പിക്കുന്നവയായിരുന്നു. അല്പം സാമ്പത്തികശേഷിയും അതില്‍ കവിഞ്ഞ് സമ്പന്നനെന്നുള്ള അഹന്തയും പുലര്‍ത്തിയിരുന്ന ഒരാള്‍ ആരാധനയ്ക്ക് ആശ്രമത്തിലെത്തുക പതിവായിരുന്നു. ഒരു ദിവസം വൈകുന്നേരത്തെ ആരാധന കഴിഞ്ഞിരിക്കുമ്പോള്‍ സ്വാമിജിയോട് ആ ഭക്തന്‍ ഇങ്ങനെ അറിയിച്ചു. ”സ്വാമിജി നാളത്തെ ആരാധന എന്റെ കണക്കാണ് (വകയാണ്)”. ”നാളെയില്ലെടോ അടുത്ത ദിവസം മാത്രമെയുള്ളെടോ” എന്ന് സ്വമിജി ഒരു തിരുത്തു കല്പിച്ചു. എന്നിട്ട് അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു. തിരുത്തംഗീകരിച്ചുകൊണ്ടയാള്‍ തുടര്‍ന്നു. സ്വാമിജി അടുത്ത ദിവസത്തെ ആരാധനയ്ക്ക് ആവശ്യമുള്ള കര്‍പ്പൂരം ഞാന്‍ തന്നുകൊള്ളാം.” സ്വാമിജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

”അയ്യോ അത്രയൊന്നും കര്‍പ്പൂരമെരിക്കാന്‍ ഞങ്ങടെ കൈയ്ക്ക് ശക്തിയില്ലെടോ! അതുമല്ല കൈ പൊള്ളുകയാണെങ്കില്‍ അതുമൊരു കഷ്ടമല്ലേ?” പിച്ചളയില്‍ വാര്‍ത്തെടുത്ത ഒരു കര്‍പ്പൂരത്തട്ടത്തിലാണ് സ്വാമിജി കര്‍പ്പൂരാരാധന നടത്താറുള്ളത്. സ്വാമിജിയുടെ കൈ പൊള്ളുമോയെന്നറിയണമെന്ന ആഗ്രഹമായിരുന്നു കര്‍പ്പൂരം വാഗ്ദാനം ചെയ്തയാള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. തന്നെയുമല്ല തലേന്നാള്‍ ആശ്രമത്തിനു പുറത്തു നടന്ന വാദപ്രതിവാദത്തില്‍ അയാള്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ചിരുന്നു. ”ഏതായാലും ആഗ്രഹം പോലെ നടക്കട്ടെ” എന്ന് സ്വാമിജി അരുളിച്ചെയ്തു. അയാള്‍ കുറച്ചധികം കര്‍പ്പൂരവുമായി ആശ്രമത്തിലെത്തി. ആശ്രമത്തിലെ ആരാധനയ്ക്ക് സാധാരണ കര്‍പ്പൂരച്ചില്ലുകളല്ല ഉപയോഗിച്ചിരുന്നത് വലിയ കട്ടകളായിരുന്നു. മത്സരിച്ചവനും മത്സരം കേട്ടു നിന്നവരും അതറിഞ്ഞവരുമൊക്കെ അന്ന് ആരാധനയ്‌ക്കെത്തി. പതിവില്‍ കവിഞ്ഞ ഭക്തജനത്തിരക്ക് അന്നനുഭവപ്പെട്ടു.

സ്വാമിജി കുളികഴിഞ്ഞ് ആരാധനക്കെത്തി. പതിവില്ലാത്ത ചില സവിശേഷതകള്‍ അന്ന് ഭക്തജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. സ്വാമിജിയന്ന് വിശേഷാല്‍ ഒരു രുദ്രാക്ഷമാല ധരിച്ചിരുന്നു. പതിവായി ഉപയോഗിക്കാറുള്ള കര്‍പ്പൂരത്തോട്ടം അന്നുപയോഗിച്ചുമില്ല. കര്‍പ്പൂരത്തട്ടത്തിനു പകരം കയ്യില്‍ രണ്ടുമൂന്നു വെറ്റിലകളാണ് വച്ചത്. ആ വെറ്റിലയിന്മേല്‍ കര്‍പ്പൂരം വച്ച് കത്തിച്ച് ആരാധന ആരംഭിച്ചു. മൂലബന്ധനാസനത്തിലിരുന്നുകൊണ്ടാണ് സ്വാമിജി സാധാരണ ആരാധന നടത്താറ്. അന്നും അതേപോലെ തന്നെ ഇരിപ്പുറപ്പിച്ചു. വെറ്റിലയില്‍ കര്‍പ്പൂരക്കട്ടകള്‍ ഒന്നൊന്നായി എരിഞ്ഞമര്‍ന്നു. ഓരോരുത്തരുടേയും ശ്രദ്ധ സ്വാമിജിയുടെ കയ്യിലെ വെറ്റിലയിലും കര്‍പ്പൂരത്തിലും മാറി മാറിപ്പതിഞ്ഞു. സ്വാമിജിയുടെ മുഖം പതിവില്‍ കവിഞ്ഞ് ശോഭായമാനമായി. ഉദയസൂര്യന്റേതെന്നപോലെ ആ മുഖം അരുണകിരണങ്ങള്‍ ചൊരിഞ്ഞു. ശരീരം അതേ സമയം ചന്ദനശീതളമായിരുന്നുവെന്നത് അദ്ഭുതാവഹമായിരുന്നു. അല്പം ശ്രദ്ധിക്കുന്നവര്‍ക്കും അന്തര്‍മുഖത്വമുള്ളവര്‍ക്കും അറിയാവുന്ന പല പ്രത്യേകാനുഭവങ്ങളും സ്വാമിജിയില്‍ അന്നു കാണാന്‍ കഴിഞ്ഞു.

അദ്ദേഹത്തിന്റെ നയനങ്ങള്‍ ഊര്‍ദ്ധ്വഗതിയില്‍ ഏകാഗ്രമായിരുന്നു. കണ്ണിന്റെ മിഴികള്‍ ബാഹ്യദൃഷ്ടിക്ക് വിധേയമല്ലാതായി. ശരീരം കനലില്‍ പഴുപ്പിച്ച കനകസമാനം ശോഭയുള്ളതായിത്തീര്‍ന്നു.  കര്‍പ്പൂരം തീര്‍ന്നുതുടങ്ങി. വെറ്റില തെല്ലും കഴിഞ്ഞിട്ടില്ല. കൈപൊള്ളുന്ന സംശയത്തിന് കര്‍പ്പൂരക്കാരന് ഉത്തരം ലഭിച്ചുതുടങ്ങി. അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതകൂടി. ഭക്തജനങ്ങള്‍ ഹരേരാമ ജപം കൊണ്ട് അന്തരീക്ഷം മുഖരിതമാക്കി. കര്‍പ്പൂരം നിശ്ശേഷം തീര്‍ന്നു. അല്പസമയത്തിനുള്ളില്‍ സ്വാമിജിയുടെ വലതുകരം ‘കര്‍പ്പൂരക്കാരന്റെ അടുത്തേക്ക് നീണ്ടു. ആവശ്യമുള്ളത്രയും കര്‍പ്പൂരം കൊടുക്കാമെന്നുള്ള പ്രതിഞ്ജ നിറവേറ്റാനുള്ള സമയമാണത്. കര്‍പ്പൂരമില്ലാതെ ഭയന്നുവിറച്ചു നില്‍ക്കുന്ന അയാളുടെ കൈയില്‍ നിന്ന് കര്‍പ്പൂരം പൊതിഞ്ഞുവച്ചിരുന്ന കടലാസ്‌കഷ്ണം പിടിച്ചെടുത്ത് അതും എരിച്ചുകളഞ്ഞു. ക്ഷമ യാചിച്ചുകൊണ്ട് ‘കര്‍പ്പൂരക്കാരന്‍’ ആ പാദങ്ങളില്‍ പതിച്ചു. സ്വാമിജിയുടെ മിഴികള്‍ ഊര്‍ദ്ധ്വഗതിയില്‍ നിന്ന് സാധാരണഗതിയിലെത്തുവാന്‍ അന്നു കൂടുതല്‍ സമയമെടുത്തു.

മിഴികള്‍ അല്പാല്പമായി ചലിച്ചു തുടങ്ങി. സാവധാനം ധ്യാനത്തില്‍ നിന്നു വിരമിക്കുന്ന സാധാരണത്വം പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിവില്‍ കവിഞ്ഞ സമയം അന്ന് ആരാധനയുണ്ടായിരുന്നു. കൂടിയിരുന്ന ഭക്തജനങ്ങള്‍ വിവിധാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതെ മറ്റൊന്നും ചിന്തിക്കാതെ പരിസരം മറന്ന് സ്വാമിജിയില്‍ തന്നെ അര്‍പ്പിതമായ മനസ്സോടെ നാമജപം നടത്തിക്കൊണ്ടിരുന്നു. രാമനാമം ജപിക്കാന്‍ ലജ്ജിച്ചിരുന്ന പലരുടേയും ചുണ്ടുകള്‍ മെല്ലെ എന്തോ ജപിക്കുന്നുണ്ടായിരുന്നു. ഭക്തജനങ്ങള്‍ പലതും അവര്‍ നിന്നസ്ഥലത്തു തന്നെ സാഷ്ടാംഗം നമസ്‌കരിച്ചു. മറ്റു ചിലര്‍ കൈകൂപ്പി നിന്നു. ഭജന ആരാധനാസമാപനത്തോടെ മംഗളം പാടി. മണിനാദം മുഴങ്ങി. സ്വാമിജി പതിവുപോലെ ആശ്രമത്തിനുള്ളിലേക്ക് കടന്നുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം