അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്നു പൈപ്പ് ബോംബുകള്‍ കണ്ടെത്തി

October 28, 2011 ദേശീയം

മധുര: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്നു പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലെ അലമ്പാടി ഗ്രാമത്തിലെ പാലത്തിനു താഴെയാണ് ബോംബുകള്‍ കണ്ടെത്തിയത്.   തുടര്‍ന്നു യാത്രയുടെ ദിശ മാറ്റുകയായിരുന്നു. ബൈക്കിലെത്തിയ ഒരു യുവാവ് പാലത്തിനടിയില്‍  എന്തോ സ്ഥാപിക്കുന്നതായി കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണു രണ്ടു പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അദ്വാനിയുടെ ജനചേതന യാത്രക്കു നേരെ ഭീകരാക്രമണം ഉണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ജനചേതനയാത്രയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇന്നലെയാണ് അദ്വാനിയുടെ ജനചേതനയാത്ര തമിഴ്‌നാട്ടിലെത്തിയത്. വൈകിട്ടു കേരളത്തിലേക്കു പ്രവേശിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം