ജമ്മു കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം എടുത്തുകളയരുത്: അദ്വാനി

October 29, 2011 കേരളം

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം എടുത്തുകളയരുതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്വാനി പറഞ്ഞു. ജനചേതനയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ അദ്വാനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംരക്ഷിച്ച രാജകുടുംബം ഉയര്‍ന്ന ധാര്‍മികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരാണെന്നും ഇതിനെതിരെ സി.ബി.ഐ അന്വേഷിക്കണം വേണമെന്നും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. സഖ്യകക്ഷികളെ പഴിചാരി അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടു വര്‍ഷത്തിനുളളില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരാണെന്ന് പ്രഖ്യാപിക്കുമെന്നും നേതൃത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലും യാത്രയ്ക്ക് കിട്ടിയ സ്വീകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്വാനി പറഞ്ഞു.

ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് ബോംബ് കണ്ടെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. ബോംബ് കണ്ടെടുത്ത തമിഴ്‌നാട് പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നും അദ്വാനി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം