കല്മാഡിയെ നീക്കാന്‍ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്ജി

August 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പുണെയിലെ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അരുണ്‍ ഭാട്ടിയയടക്കം 11 അംഗ സംഘമാണ്  ഹര്‍ജി നല്‍കിയത്.
നിലവിലെ ഗെയിംസ് സംഘാടക സമിതി പൂര്‍ണമായി പിരിച്ചുവിടണമെന്നും കോടതിയിടപെട്ട് പുതിയ സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടിയുണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ചെലവുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെവെച്ച് ഓഡിറ്റ് നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗെയിംസുമായി ബന്ധപ്പെട്ട കരാറുകളെയും പണികളെയുംകുറിച്ച് സ്വകാര്യ എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും കരാര്‍ വിവരങ്ങളും മറ്റും ഭദ്രമായി സൂക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യായ കല്‍മാഡിയുടെ പേരില്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 30,000 കോടി രൂപ ഇതിനകം ചെലവാക്കിയെന്നാണ് ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം