ഹസാരെ സംഘം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

October 29, 2011 ദേശീയം

ഗാസിയാബാദ്: വിവാദങ്ങളുടെ  പശ്ചാത്തലത്തില്‍ ഹസാരെ സംഘം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കിരണ്‍ ബേദി, അരവിന്ദ് കേജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, മനീഷ് സിസോദിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 16 മുതല്‍ മൗനവ്രതം തുടരുന്ന അണ്ണാ ഹസാരെ യോഗത്തില്‍ പങ്കെടുത്തില്ല. മേധാപട്കര്‍, സന്തോഷ് ഹെഗ്‌ഡെ എന്നിവരും വിട്ടുനിന്നു. ഹസാരെ സംഘം പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയ കുമാര്‍ വിശ്വാസും കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇദ്ദേഹം ടോക്കിയോയിലേക്കുള്ള യാത്രയിലായതിനാലാണ് യോഗത്തിനെത്താത്തത്.

അതേസമയം, സംഘാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി യോഗത്തിനു മുന്നോടിയായി പറഞ്ഞു. ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനായി പോരാട്ടം തുടരും. തങ്ങള്‍ക്കെതിരെ ആരംഭിച്ചിട്ടുള്ള ആക്രമണത്തില്‍ പിന്തിരിഞ്ഞ് ഓടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ വിശദീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം