സൗമ്യ വധക്കേസില്‍ ഇന്ന് വിധി പറയും

October 31, 2011 കേരളം

തൃശൂര്‍: സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടോതി ഇന്നു വിധി പറയും. സേലം സ്വദേശി ഗോവിന്ദച്ചാമിയാണ് പ്രതി. കഴിഞ്ഞ ജനുവരി 31ന് രാത്രി എറണാകുളത്ത് നിന്നും ഷൊര്‍ണുരിലേക്ക് വരികയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്നും തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് കിടന്ന സൗമ്യയെ പ്രതി മാനഭംഗപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവം നടന്ന് കൃത്യം ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കേസിന്റ വിധിവരുന്നത്. നാലു മാസം നീണ്ട സാക്ഷി വിസ്താരത്തിനും വാദത്തിനും ശേഷം അതിവേഗകോടതി ജഡ്ജി കെ.രവീന്ദ്രബാബു വിധി പറയുമ്പോള്‍ അടിസ്ഥാനമാക്കുന്നത് 82 സാക്ഷി മൊഴികളും 101 രേഖകളും 43 തൊണ്ടി മുതലും. തലയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടവും വ്യക്തമാക്കുന്നു.

ചേലക്കര സി.െഎ അന്വേഷിച്ച കേസില്‍ ജൂണ്‍ ആറിനാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇതിനിടയില്‍ സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവല്ല താനാണന്ന് ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത് ഏറെ വിവാദം സൃഷ്ടിച്ചു. ഇതെ തുടര്‍ന്ന് ഉന്‍മേഷിനെ കോടതി വീണ്ടും സ്വമേധയാ വിസ്തരിച്ചതും കോടതിചരിത്രത്തില്‍ തന്നെ അപൂര്‍വതയായി. സൗമ്യകേസ് വിധിക്കൊപ്പം, ഡോ. എ.കെ ഉന്‍മേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും ഡോ. ഷെര്‍ലി വാസുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും കോടതി വിധി പ്രസ്താവിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം