സൗമ്യ വധക്കേസ്: പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന കോടതി

October 31, 2011 കേരളം

തൃശൂര്‍: സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് തൃശൂര്‍ അതിവേഗകോടതി ജഡ്ജ് രവീന്ദ്രബാബു പറഞ്ഞു. അതേസമയം രണ്ടു സാക്ഷികളെ കൂടി വിസ്തരിക്കാനായി കേസ് നാലാം തീയതിയിലേക്ക് മാറ്റി. ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ അന്നുതന്നെയോ പിന്നീടോ പ്രസ്താവിക്കും.

കൊലപാതകം, മാനഭംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചുപറി, വനിതാകമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഗോവിന്ദച്ചാമിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കോടതിയിലെത്തിച്ച ഗോവിന്ദച്ചാമിയോട് ജഡ്ജ് രവീന്ദ്രബാബു 15 കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു.

ജഡ്ജിയുടെ കുറ്റക്കാരനെന്നുള്ള കണ്ടെത്തല്‍ തമിഴില്‍ ഗോവിന്ദച്ചാമിയെ കേള്‍പ്പിച്ചു. താന്‍ നിരപരാധിയാണെന്നും ഇത്തരം കുറ്റങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും ഗോവിന്ദച്ചാമി പറഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഭാഗം വാദത്തില്‍ ഗോവിന്ദച്ചാമിയെ ഇതേപേരില്‍ നേരത്തെ ശിക്ഷിച്ചിട്ടില്ലെന്നു വാദിച്ചു. ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാക്കാനുമായി ചെന്നൈയില്‍ നിന്നുള്ള രണ്ടു സാക്ഷികളെ കൂടി വിസ്തരിച്ച ശേഷമായിരിക്കും വിധി പറയുക.

പത്തരയോടെയാണ് പോലീസ് ജീപ്പില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊണ്ടുവന്നത്. വിധി കേള്‍ക്കാനായി സൗമ്യയുടെ മാതാവ് സുമതി, പിതാവ് ഗണേശന്‍, സൗമ്യയുടെ സഹോദരന്‍ സന്തോഷുമെത്തിയിരുന്നു. ജീപ്പില്‍ നിന്നും ഇറക്കുന്നതിനിടെ സൗമ്യയുടെ അച്ഛന്‍ ഗണേശന്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് ആക്രമണശ്രമം തടഞ്ഞ് ഗോവിന്ദച്ചാമിയെ കോടതിയ്ക്കുള്ളിലേക്ക് കയറ്റിനിര്‍ത്തി. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ആര്‍. മുരളിയോടൊപ്പമാണ് സൗമ്യയുടെ അമ്മ സുമതിയെത്തിയത്.

ട്രെയിനില്‍ വനിതാ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്കു തള്ളിയിട്ട് മാനഭംഗപ്പെടുത്തിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് കേസ്. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി മുല്ലയ്ക്കല്‍ ഗണേശന്റേയും സുമതിയുടേയും മകള്‍ സൗമ്യ(23)യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയത് 2011 ഫെബ്രുവരി ഒന്നാം തിയതി രാത്രി 8.40 നും 9.30 നും മദ്ധ്യേയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ ആറാം തിയതി മരിച്ചു. രണ്ടാം തീയതിതന്നെ പ്രതി സേലം കടലൂര്‍ സ്വദേശി വിരുതാചലം അറുമുഖന്റെ മകന്‍ ഗോവിന്ദച്ചാമി (30) യെ പോലീസ് പാലക്കാടുനിന്ന് പിടികൂടി.

ഫോറന്‍സിക് അസിസ്റ്റന്റ് സര്‍ജന്‍ പ്രതിഭാഗം സാക്ഷിയായി എത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവാദമായതടക്കം കേസിന്റെ ഓരോ ഘട്ടവും സംസ്ഥാനത്തുടനീളം ചര്‍ച്ചാവിഷയമായിരുന്നു. സൗമ്യ എറണാകുളം ഒബ്രമോളില്‍ ഹോം സ്‌റ്റൈല്‍ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്‌ഗേളായി ജോലി ചെയ്യുകയായിരുന്നു. അമ്മ സുമതി ആവശ്യപ്പെട്ടതനുസരിച്ച് ഫെബ്രുവരി ഒന്നാം തിയതി വൈകുന്നേരം ട്രെയിന്‍ മാര്‍ഗം വീട്ടിലേക്കു പോന്നത്. വൈകീട്ട് 5.30ന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കു പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനില്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍നിന്നാണ് സൗമ്യ ട്രെയിന്‍ കയറിയത്. വള്ളത്തോള്‍നഗര്‍ റെയില്‍വേസ്റ്റഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടയുടനേയാണ് കുറ്റകൃത്യമുണ്ടാകുന്നത്.

ഷൊര്‍ണൂരില്‍ ട്രെയിനിറങ്ങിയ ടോമിയും ഷുക്കൂറും ഗാര്‍ഡിനോട് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് നിലവിളി കേട്ടെന്നും തൊട്ടുപിന്നാലെ ഒറ്റക്കൈയനായ തമിഴന്‍ പുറത്തേക്കു ചാടിയെന്നും അറിയിച്ചു. ഗാര്‍ഡ് ഉടനേ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് വള്ളത്തോള്‍നഗര്‍ പോലീസ് സ്‌റ്റേഷനിലും റെയില്‍വേ സ്‌റ്റേഷനിലെ പോലീസിലും വിവരം നല്‍കി. വിവരം കിട്ടിയതനുസരിച്ച് തെരച്ചിലിനിറങ്ങിയവര്‍ ടോര്‍ച്ച് തെളിച്ച് ചുറ്റും നോക്കിയപ്പോള്‍ നഗ്നയായി ഒരു പെണ്‍കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടു. താങ്ങിയെടുത്ത് റോഡിലേക്കു കൊണ്ടുവന്ന് മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്റെ എസ്‌കോര്‍ട്ട് വാഹനം തടഞ്ഞുനിര്‍ത്തി ആശുപത്രിയിലെക്കു കൊണ്ടുപോയി. ഒറ്റക്കൈയന്‍ പാളത്തിനരികിലെ പൊന്തക്കാടുകള്‍ക്കിടയിലൂടെ റോഡിലേക്കു കയറി രക്ഷപ്പെട്ടു. മൃതപ്രായയായ പെണ്‍കുട്ടിയെ ആദ്യം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഉടനേ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ആറാം തീയതി സൗമ്യ മരിച്ചു.

പ്രതിയായ ഒറ്റക്കൈയന്റെ രേഖാചിത്രം പോലീസ് വരച്ച് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് പിറ്റേന്ന് പാലക്കാടുനിന്ന് പ്രതിയെ പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കേസില്‍ 82 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. എ.ബി. ആളൂരും ഹാജരായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം