മുന്‍ മന്ത്രി എം.പി.ഗംഗാധരന്‍ അന്തരിച്ചു

October 31, 2011 കേരളം

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി.ഗംഗാധരന്‍(77) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കുറച്ചു നാളായി ചികിത്സയിലായിരുന്നു. മൂന്നാം നിയമസഭയിലേക്ക് 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ആദ്യം എംഎല്‍എ ആയി. നാലാം കേരള നിയമസഭയില്‍ നിലമ്പൂരില്‍ നിന്നും അഞ്ചാം നിയമസഭയില്‍ പൊന്നാനിയില്‍ നിന്നും ആറാം നിയമസഭയില്‍ പട്ടാമ്പിയില്‍ നിന്നും ഏഴാം നിയമസഭയില്‍ പൊന്നാനിയില്‍ നിന്നും 11-ാം നിയമസഭയില്‍ പൊന്നാനിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ഡിഐസിയില്‍ ചേര്‍ന്നു. തുടര്‍ന്ന് എന്‍സിപിയിലും എത്തി. പിന്നീട് തിരിച്ച് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. 1982 മേയ് 24 മുതല്‍ 1986 മാര്‍ച്ച് 12 വരെ ജലസേചന മന്ത്രിയായിരുന്ന ഗംഗാധരന്‍ ആറു തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി, മലപ്പുറം ഡിസിസി പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, നിയമസഭ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ്, കേരള വാട്ടര്‍ അതോറിറ്റി, കെടിഡിസി എന്നിവയുടെ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  കോഴിക്കോട് പള്ളിയൂര്‍ സ്വദേശിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം