പാദപൂജ

November 2, 2011 ഗുരുവാരം

സ്വാമി സത്യാനന്ദ സരസ്വതി
രാമായണശ്രവണമഹത്വം
എഴുത്തച്ഛന്റെ അധ്യാത്മരാമായണപാരായണ ശ്രവണമൊഴികെ മറ്റൊന്നു തന്നെ പണ്ഡിതോചിതമായി സമ്പാദിക്കാന്‍ ശ്രമിക്കാത്ത സ്വാമിജി കൈവരിച്ചിരുന്ന മഹാപുരുഷലക്ഷണങ്ങള്‍ വര്‍ണനാതീതമാണ്. ഒരു പദാര്‍ത്ഥത്തിലും ലിപ്തമാകാത്ത സ്വാമിജിയുടെ മനസ്സ് സദാപിനാമജപത്തിലും രാമപദധ്യാനത്തിലും മാത്രം നിര്‍ലീനമായിരുന്നു. അഹങ്കാരലേശമില്ലാതെ വികാരങ്ങളെ ത്യജിച്ചുകൊണ്ട് ഉദ്വേഗാനന്ദരഹിതനായി സ്വകര്‍മനിര്‍വഹണത്തില്‍ സദാപി വ്യാപൃതനായിരുന്ന സ്വാമിജി ജീവമുക്തന്റെ സകല ലക്ഷണങ്ങളും തികഞ്ഞ മഹാമനീഷിയായിരുന്നു. പ്രാപഞ്ചിക വിഷയങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകൊണ്ട് ധര്‍മാധര്‍മചിന്തകള്‍ക്കതീതനായി അന്തര്യാമിയും ബഹിര്യാമിയുമായി വിരാജിക്കുന്നതിന് കഴിവുറ്റ മഹാത്മാവെന്ന നിലയില്‍ സ്വാമിജി ആര്‍ജിച്ച പദവി അപ്രമേയമായിരുന്നുവെന്ന് പ്രസ്താവിക്കാതെ വയ്യ. സ്വച്ഛമായ മനഃസ്ഥിതിയും ശോകം, ഹര്‍ഷം, ഉത്സാഹം തുടങ്ങിയ വികാരങ്ങളില്‍ സമബുദ്ധിയുമുള്ള സ്വാമിജി, സര്‍വപ്രകാരത്തിലുമുള്ള ഇച്ഛകളേയും സന്ത്യജിച്ചിരുന്നു. സ്ഥൂലപ്രപഞ്ചത്തിലെ സംഭവവികാസങ്ങളിലൊന്നും സ്വാമിജിയുടെ മനസ്സ് സ്വസ്ഥനില കൈവെടിഞ്ഞിരുന്നില്ല. ഉന്നതിയോ അവനതിയോ ആ മഹാത്മാവിനെ തെല്ലും ചലിപ്പിച്ചിരുന്നില്ല. ഈര്‍ഷ്യയും ദ്വേഷവും കൈവെടിഞ്ഞ് നിര്‍മ്മമനും നിരഹങ്കാരിയുമായ സ്വാമിജിയുടെ നില നിസ്സംഗാവസ്ഥയിലും നിര്‍മുക്താവസ്ഥയിലും സര്‍വചരാചരങ്ങളോടും ദയാമസൃണമായ സമീപനത്തോടുകൂടിയതായിരുന്നു. നിഷ്‌കളനും നിരാമയനുമായ ആ മഹാപുരുഷന്‍ ചിത്തരഹിതനായിരിക്കവേ ചിത്തസഹിതനായും വര്‍ത്തിച്ചിരുന്നു. കലായുക്തനായിരിക്കുമ്പോള്‍ കലാരഹിതനായിരിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
”ശാന്തസംസാരകലനഃ കലാവാനപി നിഷ്‌കളഃ
യഃസചിത്തോപി നിശ്ചിത്തഃ” – കലായുക്തനായിരുന്നാലും കലാരഹിതനായും ചിത്തം ഇരിക്കവേതന്നെ ചിത്തരരഹിതനായുമിരുന്ന് പ്രാപഞ്ചികവിഷയചിന്തകളെ ആരാണോ ഉപേക്ഷിച്ചിട്ടുള്ളത്.’ – എന്നിങ്ങനെ ഉപനിഷദ് വാക്യം ജീവമുക്തനെ അവതരിപ്പിക്കുന്ന പദവി സ്വാമിജിയുടെ ദൈനംദിന ജീവിതത്തിലെ സാധാരണത്വമായിരുന്നു. അപരിമേയങ്ങളും അത്യത്ഭുതകരങ്ങളുമായ അധ്യാത്മപദവിയുടേതെന്ന പോലെതന്നെ സ്വാമിജിയുടെ അതീവലളിതവും വിനയാന്വിതവുമായ ജീവിതത്തിലെ സാധാരണത്വവും പുരാണേതിഹാസങ്ങളിലും വേദോപനിഷത്തുകളിലും വര്‍ണിക്കപ്പെട്ടിരിക്കുന്ന മഹാപുരുഷലക്ഷണത്തിന്റെ സമ്പൂര്‍ണത സമാര്‍ജിച്ചിരുന്നു. ”ന കിഞ്ചന ദ്വേഷ്ടി തഥാ ന കിഞ്ചി ദപി കാംക്ഷതി” – ‘ഒന്നിനോടും  ദ്വേഷമില്ലാതെ, അതുപോലെ ഒന്നിലും കാംക്ഷയില്ലാതിരുന്നവന്‍’ – എന്ന് ജീവമുക്തനെ പ്രകീര്‍ത്തിക്കുന്ന ജീവന്മുക്തലക്ഷണം സ്വാമിജിക്ക് സ്വായത്തമായിരുന്നു. പണ്ഡിതന്മാര്‍ സമദര്‍ശികളാണെന്ന അഭിജ്ഞമതമുണ്ടല്ലോ. എന്നാല്‍ പാണ്ഡിത്യക്കെടുഗര്‍വുകൊണ്ട് പുസ്തകപ്പുഴുക്കളായി മസ്തിഷ്‌കം മലിനമാക്കുന്ന പലരുടേയും ഗര്‍വ് ശമിപ്പിക്കുന്ന ഉത്തരങ്ങള്‍ സ്വാമിജി ലഘുവാക്യങ്ങളിലൂടെ നല്‍കിയിരുന്നു. ”ഇത് അവന്റെ പൊത്തോത്തിലുള്ളതല്ലേടോ” എന്നു പറഞ്ഞ് പലരുടെ അഭിപ്രായങ്ങളേയും സ്വാമിജി നിരാകരിച്ചിരുന്നു. ആകര്‍ഷകങ്ങളായ അര്‍ത്ഥസമൂഹങ്ങളുടെ മധ്യത്തില്‍ നിസ്പൃഹനായിരിക്കുവാന്‍ കഴിവുണ്ടായിരുന്ന സ്വാമിജി അര്‍ധനഗ്നനും അനാസക്തനുമായി കഴിഞ്ഞിരുന്ന ഓരോ നിമിഷവും വര്‍ഷങ്ങളും ചിന്താവൈരുദ്ധ്യം സൃഷ്ടിച്ചതേയില്ല.
വര്‍ഷങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ, ഓരോ ദിവസത്തിലെ ജീവിതത്തോടു തട്ടിച്ചാല്‍ രണ്ടിനും വ്യത്യസ്തതയുണ്ടാവുകയില്ല. മിതാഹാരി എന്നുവിശേഷിപ്പിക്കുന്നതിനേക്കാള്‍ സ്വാമിജിയെ നിരാഹാരിയെന്ന് കരുതുന്നതാണ് സത്യം. തന്റെ സങ്കല്പസീമയ്ക്കുള്ളില്‍ ഈ പ്രപഞ്ചത്തിലെ സകലകാമ്യ വസ്തുക്കളേയും അണി നിരത്തുവാന്‍ കഴിയുമായിരുന്ന സ്വാമിജി തന്റെ വൈഭവം തെല്ലുപോലും പ്രകടമാക്കാതെ തന്നില്‍ വന്നുചേരുന്ന സര്‍വവും ലോകോപകാരാര്‍ത്ഥം വിനിയോഗിക്കുകയാണ് ചെയ്തത്. സ്വാമിജിയാര്‍ജ്ജിച്ചിരുന്ന മഹാതപസ്സിന്റെ ഫലവും അധ്യാത്മസേവനസമ്പത്തും ബഹുജനഹിതാര്‍ത്ഥം വിനിയോഗിച്ചിരുന്നു. അന്യവസ്തുക്കളില്‍ നിസ്പൃഹനായിരുന്ന സ്വാമിജിയോടുപമിക്കാന്‍ തക്ക ധര്‍മാത്മാക്കള്‍ പൂരാണേതിഹാസങ്ങളില്‍പോലും വിരളമാണ്.
”യഃ സമസ്താര്‍ത്ഥജാലേഷു വ്യവഹാര്യപി നിസ്പൃഹഃ
പരാര്‍ത്ഥേഷ്വിവ പൂര്‍ണ്ണാത്മ സഃ ജീവന്മുക്ത ഉച്യതേ”
എന്ന ഉപനിഷത്മന്ത്രം സ്വമിജിയെന്ന മഹാസാഗരത്തിലെ ഒരു കണികയായി മാത്രമേ കാണുവാന്‍ കഴിയൂ.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം