ഗുരുസങ്കല്‍പ്പം

November 2, 2011 സനാതനം

സ്വാമി സത്യാനന്ദസരസ്വതി

ഭാര്യാ ഭര്‍ത്തൃധര്‍മ്മം
‘പതിര്‍ ഗുരു: പതിസ്‌തീര്‍ത്ഥമിതി സ്‌ത്രീണാം വിദുര്‍ബുധാ:’
ഭര്‍ത്താവുതന്നെയാണ്‌ ഗുരുവും പുണ്യതീര്‍തഥവുമെന്ന്‌ വിദ്വാന്‍മാര്‍ വിധിച്ചിരിക്കുന്നു.
‘പതിസേവാ ഗുരൗവാസ:’ (മനുസ്‌മൃതി)
പതിശുശ്രൂഷ ഗുരുകുലവാസമെന്നാണ്‌ മനു വിധിച്ചിരിക്കുന്നു. ഇത്‌ സ്‌ത്രീകളെ അസ്വതന്ത്രരും അടിമകളും ആക്കുവാനുള്ള കുതന്ത്രമല്ല. ധര്‍മ്മം സ്വഭാവേന വര്‍ത്തിക്കേണ്ടതാണ്‌.
ഭര്‍ത്താവ്‌ എന്ന വാക്കിന്‌ ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഭാര്യ ഭരിക്കപ്പെടുന്ന തത്ത്വമാണ്‌. ഭരണം അധികാരമോഹം കൊണ്ടുള്ള അധീശത്വമല്ല. വിനയപൂര്‍ണ്ണമായ സേവനമാണ്‌. ത്യാഗമേറ്റെടുക്കേണ്ട ചുമതലയും അതിലുണ്ട്‌. നിയന്ത്രണംകൊണ്ടും സേവനംകൊണ്ടും മാത്രമേ ഒരു തത്ത്വം പഠിക്കുവാനും കഴിയൂ. ഭര്‍ത്താവും ഭാര്യയും ഈ തത്ത്വമറിഞ്ഞു പ്രവര്‍ത്തിക്കണം. തന്മൂലം കുഞ്ഞുങ്ങള്‍ അതനുസരിക്കും. സംസ്‌കാരത്തിന്‌ ഈ മേന്മ അന്തര്‍ലീനമായിരിക്കും. അച്ഛന്‍, അമ്മ, കുഞ്ഞുങ്ങള്‍ എന്നീ ബന്ധങ്ങളിലൂടെ വലുതാകുന്ന സമൂഹം നിയന്ത്രണവും സേവനവും സമാധാനവും ഉള്ളതായിരിക്കും. പരസ്‌പരധാരണ നഷ്ടപ്പെടുകയില്ല.
ഭാര്യാ ഭര്‍ത്തൃസങ്കല്‍പം വ്യത്യസ്‌തതത്ത്വങ്ങളല്ല. രണ്ടും ഒരു തത്ത്വം തന്നെയാണ്‌ തത്ത്വാര്‍ത്ഥമനുസരിച്ച്‌ ഭര്‍ത്താവിനെക്കൂടാതെ ഭാര്യ നിലനില്‍ക്കുന്നില്ല. തീരമാലകളും സ്വച്ഛമായ സമുദ്രവും പോലെ രണ്ടും ഒന്നുതന്നെ. സമുദ്രജലത്തിന്റെ തന്നെ ചലനമാണ്‌ തിരയായിത്തോന്നുന്നത്‌. ഓളവും തിരയും കൊണ്ട്‌ ജലത്തെ അറിയുന്നതുപോലെ കര്‍മചലനം (നാനാകര്‍മങ്ങള്‍) കൊണ്ട്‌ നിശ്ചലമായ ആത്മതത്ത്വം അറിയണം. ഈ തത്ത്വം തന്നെയാണ്‌ ഭാര്യാഭര്‍ത്തൃബന്ധത്തിലും ഉള്ളത്‌. വെള്ളം കൂടാതെ തിരയില്ലാത്തതുപോലെ, ഭാര്‍ത്താവിനെകൂടാതെ ഭാര്യയില്ല. പ്രകൃതി മുഴുവന്‍ ഈ പരസ്‌പര ബന്ധമാണ്‌. ആത്മാവ്‌ (ജീവന്‍) ഭര്‍ത്താവും അതു വസ്‌തുക്കളോട്‌ ബന്ധപ്പെടുമ്പോള്‍ ഭാര്യയും ആയി മാറുന്നു. ഭര്‍ത്തൃ സങ്കല്‍പ്പത്തിന്‌ പുരുഷനെന്നും ഭാര്യസങ്കല്‍പ്പത്തിന്‌ പ്രകൃതിയെന്നും പറയാം.
പുരുഷന്‍-പ്രകൃതി, ശിവന്‍-ശക്തി, വിഷ്‌ണു-മായ എന്നീ സങ്കല്‍പങ്ങളിലെല്ലാം ഒരേ തത്ത്വം തന്നെയാണുളളത്‌. പ്രകൃതിയിലുള്ള നാനാത്വങ്ങളില്‍ വ്യാപരിക്കുന്ന ജീവന്‍ (ആത്മതത്ത്വം) ഏകമാണ്‌. പ്രകൃതിയിലെ നാനാത്വങ്ങളെ ആത്മതത്ത്വം (ബ്രഹ്മം, ജ്ഞാനം) കൂട്ടിയിണക്കുന്നതുകൊണ്ട്‌ പ്രകൃതിയില്‍ കാണുന്ന സര്‍വ്വവും ബ്രഹ്മമെന്ന പൈതൃകത്തില്‍ പെട്ടിരിക്കുന്നു. അതിനാല്‍ പ്രപഞ്ചം മുഴുവന്‍ ഒരു കുടുംബം എന്ന സങ്കല്‍പത്തിന്‌ വിധേയമാണ്‌.
”വസുധൈവ കുടുംബകം” പ്രപഞ്ചം തന്നെയാണ്‌ കുടുംബം. നമ്മുടെ കുടുംബങ്ങളും ഈ ബന്ധം തന്നെയാണുള്ളത്‌. വളര്‍ത്തേണ്ടതും നിലനിര്‍ത്തേണ്ടതും ഈ തത്ത്വം തന്നെയാണ്‌. ഭര്‍ത്താവായ ആത്മാവിന്റെ ധര്‍മ്മമാണ്‌ പ്രകൃതി (ഭാര്യ). ഭര്‍ത്താവായ ആത്മാവില്‍ നിന്നും പ്രകൃതി (ഭാര്യ) ഉണ്ടാകുന്നു. ഭാര്യയായ പ്രകൃതിയിലൂടെ ഭര്‍ത്താവിനെ അറിയുന്നു. വേര്‍തിരിക്കാനാകാത്ത തത്ത്വമാണ്‌ ഭാര്യാഭര്‍ത്തൃസങ്കല്‍പത്തിലുള്ളതെന്ന്‌ ഇതു കൊണ്ടറിയണം.
“പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?”

എന്ന്‌ മൈഥിലി രാമനോട്‌ ചോദിക്കുന്നതും ഇതേ തത്ത്വത്തെയാണ്‌ സൂചിപ്പിക്കുന്ന്‌. അഭേദ്യമായ ഈ തത്ത്വത്തെ മുറിച്ചും മറച്ചും സ്വാതന്ത്ര്യം കാണാന്‍ തുനിയുന്ന ആധുനികത അപകടം സൃഷ്ടിക്കും. അത്‌ തികച്ചും പ്രകൃതി വിരുദ്ധമാണ്‌. അതുകൊണ്ട്‌ തന്നെ അശാസ്‌ത്രീയവും അസംഗതവുമാകുന്നു. ഭാരതീയകുടുംബങ്ങളില്‍ ഇന്നു കാണുന്ന അസ്വസ്ഥതയ്‌ക്കുള്ള അടിസ്ഥാന കാരണവും ഇതുതന്നെ. തത്ത്വത്തില്‍നിന്ന്‌ വേര്‍പെട്ട്‌ സ്വാതന്ത്ര്യത്തെ കാണുന്നത്‌ അപഥസഞ്ചാരമാണ്‌.
ഭാര്യാഭര്‍ത്തൃബന്ധത്തിനടിസ്ഥാനം വികാരമല്ല, തത്ത്വമാണ്‌. ഭാരതത്തിലെ കുടുംബസങ്കല്‍പത്തിന്റെ മഹത്ത്വം ഇതുകൊണ്ട്‌ ചിന്തിക്കപ്പെടണം. ഇന്ദ്രിയവിഷയങ്ങളിലുള്ള അസംതൃപ്‌തിയും വികാരങ്ങളുമാണ്‌ പല കുടുംബബന്ധങ്ങളെയും തകരാറിലാക്കുന്നതും തകര്‍ക്കുന്നതും.
ഭാര്യാഭര്‍ത്തൃബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്ത്വത്തില്‍ അധിഷ്‌ഠിതമാണ്‌. അറിയിക്കുക എന്നുള്ളത്‌ അതിന്റെ ധര്‍മ്മമാണ്‌. സ്‌ത്രീപുരുഷബന്ധവും കുടുംബതത്ത്വവും, അടിമത്വവും അധീശത്വവും തമ്മിലുള്ള മത്സരമല്ല. മറിച്ച്‌ ഒരേ തത്ത്വത്തിന്റെ ഭാവങ്ങള്‍ മാത്രം. തത്ത്വം അറിഞ്ഞുള്ള കുടുംബജീവിതം ലോകം ഒരു കുടുംബം എന്ന വിശ്വവിശാലമായ സങ്കല്‍പംവരെ വളര്‍ന്നെത്തണമെന്നാണ്‌ ഭാരതീയദര്‍ശനം.
ഭര്‍ത്തൃധര്‍മ്മം
ഭാര്യ ഭര്‍ത്താവിനെ ഗുരുവായി കാണണമെങ്കില്‍ ഭര്‍ത്താവ്‌ ആദര്‍ശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗശാസനം അനുസരിക്കേണ്ടവളല്ല, ഭാരതീയസങ്കല്‍പ്പത്തിലെ ഭാര്യ. ഭര്‍ത്താവ്‌ ഭാര്യയോട്‌ ധര്‍മ്മാനുസരണം പ്രവര്‍ത്തിക്കണം.
“ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പരിപാലയേത്‌
ന ത്യജേത്‌ ഘോരകഷ്ടേ പി യദി സാധ്വീ പതിവ്രതാ.
ധനേന വാസനാ പ്രേംണാ ശ്രദ്ധയാ മൃദു ഭാഷണൈഃ
സതതം തോഷയേദ്‌ദാരാന്‍ നാപ്രിയം ക്വചിദാചരേത്‌
സ്ഥിതേഷു സ്വീയ ദാരേഷു സ്‌ത്രിയമന്യാം ന സംസ്‌പൃശേത്‌.
ദുഷ്ടേന ചേതസാ വിദ്വാന്‍ അന്യഥാ നാരകീ ഭവേത്‌.
വിരളേ ശയനം വാസം ത്യജേത്‌ പ്രാജ്ഞഃ പരസ്‌ത്രിയാ
അയുക്ത ഭാഷണം ചൈവ സ്‌ത്രിയം ശൗര്യം ന ദര്‍ശയേത്‌.” (മനുസ്‌മൃതി)

ഭാര്യയെ യാതൊരിടത്തും ദുഃഖിപ്പിക്കരുത്‌. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം. ഏതു കഷ്ടാവസ്ഥയിലും പതിവ്രതയായ ഭാര്യയെ ഉപേക്ഷിക്കരുത്‌. ധനം, വസ്‌ത്രം, സ്‌നേഹം, ശ്രദ്ധ, മൃദുഭാഷണം ഇവകൊണ്ട്‌ സന്തോഷിപ്പിക്കണം. അപ്രിയം ഒരിയ്‌ക്കലും ചെയ്യരുത്‌. സഭാര്യന്‌ ഒരിക്കലും പരസ്‌ത്രീ സമ്പര്‍ക്കമരുത്‌. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയന്‍ നരകം അനുഭവിക്കും. അറിവുള്ളവര്‍ പരസ്‌ത്രീയോട്‌ രഹസ്യവേഴ്‌ച പുലര്‍ത്തുകയില്ല. രഹസ്യഭാഷണവും വര്‍ജ്ജിക്കണം. സ്വപത്‌നിയുടെ നേര്‍ക്ക്‌ ഒരിക്കലും ശൗര്യം പാടില്ല.
പരസ്‌പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബ ജീവിതം നന്മയുള്ള സമുഹത്തെ സൃഷ്ടിക്കുന്നു. ധര്‍മ്മാനുസൃതമായ ജീവിതംകൊണ്ട്‌ കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛന്‍, ആചാര്യന്‍ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കല്‍പമാണ്‌ ഭാരതത്തിലുള്ളത്‌.
“യഥാമാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍
ബ്രൂയാത്‌ തഥാ ച്ഛൈലിനിരബ്രവീത്‌”
(ബൃഹദാരണ്യകോപനിഷത്ത്‌)
എന്ന യാജ്ഞവല്‌ക്യവചനം മേല്‍പ്പറഞ്ഞ ഗുരുക്കന്‍മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദര്‍ശനം വിശ്വദര്‍ശനമായി വളരുവാനുള്ളതാണ്‌.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം