വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

November 2, 2011 കേരളം

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലന്നും കേസ് സിബിഐക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

ആര്‍. ബാലകൃഷ്ണപിള്ളയുടെ മോചനത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.സര്‍ക്കാരിനുള്ള അധികാരം ഉപയോഗിക്കുക മാത്രമാണു ചെയ്തത്. തടവില്‍ കൊലനടത്തിയ പ്രതിക്ക് ആനുകൂല്യം നല്‍കിയവരാണ് ജയിലില്‍ ഫോണ്‍ വിളിച്ചയാളെ മോചിപ്പിക്കരുതെന്നു പറയുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത് അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.എം.ജേക്കബിനു പകരം ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പിനു മുന്‍പു മന്ത്രിയെ തീരുമാനിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം