കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി

November 3, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക കോടതി തള്ളി. ജാമ്യാപേക്ഷ മാറ്റിവെച്ചതായാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അഭിഭാഷകരാണ് ജാമ്യം നിഷേധിച്ചതായി അറിയിച്ചത്.
കേസിന്റെ വിചാരണ നവംബര്‍ 11ന് തുടങ്ങുമെന്നും പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി പറഞ്ഞു. കനിമൊഴിയുള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇവരില്‍ കനിമൊഴി, ശരത് കുമാര്‍, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരിം മോറാനി എന്നീ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സിബിഐ നേരത്തെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ഒരുവാചകത്തില്‍ ജഡ്ജി ജാമ്യാപേക്ഷയുടെ കാര്യം പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി.
അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കനിമൊഴിക്കെതിരെ കുറ്റപത്രം നല്‍കിയത്. സിബിഐ രണ്ടാമത് നല്‍കിയ കുറ്റപത്രത്തിലാണ് കനിമൊഴിയെ പ്രതിയായി ചേര്‍ത്തത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഡി. ബി.റിയല്‍റ്റി എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി. വി.ക്ക് 200 കോടി രൂപ കൈമാറിയെന്ന കേസില്‍ അറസ്റ്റിലായ കനിമൊഴി മെയ് 20 മുതല്‍ തിഹാര്‍ ജയിലിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം