ശബരിമല ബെയ്‌ലി പാലവും നടപ്പാതയും ഉദ്ഘാടനം നാളെ

November 6, 2011 കേരളം

തിരുവനന്തപുരം: മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ശബരിമലയില്‍ നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം നാളെ മൂന്നിനു സന്നിധാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. പമ്പയും ശബരിമലയും കാനനപാതകളും മാലിന്യമുക്തമാക്കുന്ന സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ ഉദ്ഘാടനവും നാളെ രാവിലെ ഒമ്പതിനു പമ്പാമണപ്പുറത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ്, 90 ലക്ഷം രൂപ ചെലവില്‍ റിക്കാര്‍ഡ് വേഗത്തിലാണു പാലം നിര്‍മിച്ചത്. ഇതിനോടു ചേര്‍ന്നുള്ള നടപ്പാതയുടെ നിര്‍മാണം 1.31 കോടി രൂപ ചെലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും സമയബന്ധിതമായി പൂര്‍ത്തിയാക്കി. സന്നിധാനത്തേക്കു വരുന്നവരും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരും ഒന്നിച്ചെത്തുമ്പോഴുള്ള തിക്കും തിരക്കും ഒഴിവാക്കാനാണു പാലത്തോടുകൂടിയ നടപ്പാത നിര്‍മിച്ചിട്ടുള്ളത്.
ബജറ്റില്‍ പ്രഖ്യാപിച്ച സീറോ വേസ്റ്റ് ശബരിമല പദ്ധതി, ശബരിമലയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പാണ്. മണ്ഡലം-മകരവിളക്ക് മഹോത്സവം തുടങ്ങുന്നതിനുമുമ്പുതന്നെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന സമഗ്രവും വിപുലവുമായ ശുചീകരണപരിപാടിയാണ് ഇത്.
അമൃതാനന്ദമയീ മഠം, സത്യസായി സേവാ സമിതി, നാഷണല്‍ സര്‍വീസ് സ്‌കീം, ബ്രഹ്മകുമാരീസ്, അയ്യപ്പസേവാസംഘം മുതലായ സംഘടനകളില്‍നിന്നായി മൂവായിരത്തിലധികം സന്നദ്ധ സേവകര്‍ ഇതില്‍ പങ്കുചേരും. എല്ലാ വര്‍ഷവും നടത്തിവരുന്ന പതിവ് ശുചീകരണത്തില്‍നിന്നു വ്യത്യസ്തമായി, വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ ഒന്നടങ്കം നീക്കംചെയ്യും. ബജറ്റില്‍ സീറോ വേസ്റ്റ് ശബരിമല പദ്ധതിക്കായി വകയിരുത്തിയ അഞ്ചുകോടി രൂപയില്‍നിന്നാണ് ഇതിന്റെ ചെലവ് നിര്‍വഹിക്കുന്നത്.
മാതാഅമൃതാനന്ദമയീ മഠം നടത്തിവരുന്ന അമലഭാരതം ശുചിത്വ പദ്ധതി സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ ഭാഗമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മഠത്തിന്റെ വിവിധശാഖകളില്‍നിന്നും കുടുംബ യൂണിറ്റുകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സന്നദ്ധസേവകര്‍ ശുചീകരണ പരിപാടിയില്‍ അണിനിരക്കും.
നാളെ രാവിലെ 10നു പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം, മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ദേവസ്വം ബോര്‍ഡും ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നടപ്പാക്കിവരുന്ന ക്രമീകരണങ്ങളുടെ പുരോഗതി അവലോകനംചെയ്യും.
കഴിഞ്ഞ വര്‍ഷം പുല്ലുമേട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സമ്പൂര്‍ണ സുരക്ഷിതമാക്കുന്നതിനു സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പാലത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനച്ചടങ്ങില്‍ ധനമന്ത്രി കെ. എം. മാണി, പ്രതിരോധ വകുപ്പിന്റെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപഹാരങ്ങള്‍ നല്കും. ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കും.
റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്, വനംമന്ത്രി കെ.ബി. ഗണേഷ് കുമാര്‍, എംപിമാരായ ആന്റോ ആന്റണി, പി. ടി. തോമസ്, എംഎല്‍എ രാജു എബ്രഹാം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍ നായര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയും ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാനുമായ കെ. ജയകുമാര്‍, മേജര്‍ ജനറല്‍ സുബ്രത മിത്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.വി. പത്മനാഭന്‍, കെ. സിസിലി, പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രതാപ് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ മാസം 16നു 5.30നാണു മണ്ഡലം മഹോത്സവത്തിനായി ശബരിമലനട തുറക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം