തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരനിക്ഷേപം ശബരിമലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വിനിയോഗിക്കണമെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍

November 7, 2011 കേരളം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 600 കോടി രൂപയുടെ സ്ഥിരനിക്ഷേപം ശബരിമലയില്‍ മേജര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനായി വിനിയോഗിക്കണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള പണം മുടക്കുന്നതില്‍ അപാകതയില്ലെന്നും പ്രസിഡന്റ്‌ പറഞ്ഞു.
മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിക്കപ്പെട്ട റോപ്‌ വേ, സ്വാമി അയ്യപ്പന്‍ റോഡ്‌ വികസനം, ക്യൂ കോംപ്ലക്‌സുകളുടെ നിര്‍മാണം എന്നിവയ്‌ക്കു ഫണ്ട്‌ ലഭ്യമല്ലെന്ന പേരില്‍ മാറ്റിവയ്‌ക്കേണ്ടതില്ല. കരസേനയുടെ സഹായത്തോടെ പണിതീര്‍ത്തിരിക്കുന്ന ബെയ്‌ലി പാലത്തിന്റെ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കാന്‍ ദേവസ്വം ബോര്‍ഡിനു പത്തുലക്ഷവും അപ്രോച്ച്‌ റോഡ്‌ നിര്‍മാണത്തിന്‌ 25 ലക്ഷവും ദേവസ്വം ബോര്‍ഡിനു ചെലവായിട്ടുണ്ട്‌.
പാലത്തിനും അപ്രോച്ച്‌ റോഡിനും മുടക്കിയ പണം സര്‍ക്കാര്‍ തിരികെ നല്‌കുമെന്നാണു പ്രതീക്ഷ. കുമളി, വണ്‌ടിപ്പെരിയാര്‍, സത്രം ഭാഗങ്ങളിലൂടെ വരുന്ന തീര്‍ഥാടകര്‍ക്കു കൂടി ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്തുന്നതിനു ദേവസ്വം ബോര്‍ഡ്‌ ക്രമീകരണം ചെയ്യുകയാണ്‌. ഇന്‍ഷ്വറന്‍സ്‌ കമ്പനികളില്‍ നിന്ന്‌ ഇതിനാവശ്യമായ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്‌്‌്‌. തീര്‍ഥാടനകാലത്തിനു മുന്നോടിയായി ദേവസ്വം ബോര്‍ഡ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്‌. ദര്‍ശന സമയം വര്‍ധിപ്പിച്ചതും സന്നിധാനത്തു വിരിവയ്‌ക്കുന്നതിനും മറ്റുമായി ആറേക്കര്‍ സ്ഥലം ഒഴിപ്പിച്ചെടുത്തതും അയ്യപ്പഭക്തര്‍ക്കു പ്രയോജനപ്പെടും.
ബെയ്‌ലി പാലത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡിലേക്ക്‌ സന്നിധാനത്തു നിന്ന്‌ വണ്‍വേ ഏര്‍പ്പെടുത്തുന്നതിനാല്‍ മാളികപ്പുറം ഭാഗത്ത്‌ അപ്പം, അരവണ ലഭ്യമാക്കാന്‍ ആറ്‌ കൗണ്ടറുകള്‍ കൂടി തുറക്കും. ഇതോടെ പ്രസാദവിതരണ കൗണ്ടറുകളുടെ എണ്ണം 18 ആകുമെന്നും രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം