കോടതിയലക്ഷ്യ കേസില്‍ ജയരാജന് ആറു മാസത്തെ കഠിന തടവ്

November 8, 2011 കേരളം

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ കുറ്റക്കാരനെന്നു ഹൈക്കോടതി. ജയരാജന് കോടതി ആറു മാസത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. രണ്ടായിരം രൂപ പിഴയുമടയ്ക്കണം. അല്ലാത്തപക്ഷം ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടു പോയി. ജുഡീഷ്യറിയെയും ജഡ്ജിമാരെയും അവഹേളിക്കുന്ന തരത്തിലുളള പ്രസ്താവനയാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധി പുറപ്പെടുവിച്ചതു ശുംഭന്‍മാരാണെന്ന പരാമര്‍ശമാണു ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിന് ആധാരം. ആലുവ റയില്‍വെ സ്‌റ്റേഷനു മുന്നില്‍ പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സംസ്ഥാനത്താകമാനം പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധിയുണ്ടായത്. കണ്ണൂരില്‍ ഒരു പൊതുയോഗത്തിനിടെയാണ് എം.വി ജയരാജന്‍ വിധിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

ഹൈക്കോടതി ഫുള്‍ബെഞ്ച് ചേര്‍ന്ന് ഈ പരാമര്‍ശങ്ങളുടെ പേരില്‍ ജയരാജനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.കെ ബഷീര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. ജസ്റ്റിസ് ബഷീര്‍ വിരമിച്ചതിനു പിന്നാലെ കേസ് ജസ്റ്റിസുമാരായ വി.രാംകുമാര്‍, പി.ക്യു.ബര്‍ക്കത്തലി എന്നിവരടങ്ങിയ ബെഞ്ചിലേക്ക് മാറി.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന വാദവുമായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തളളിയിരുന്നു. സംസ്‌കൃത വ്യാകരണ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ശുംഭന്‍ എന്ന പദത്തിനു ശോഭിക്കുന്നവന്‍, പ്രകാശിക്കുന്നവന്‍ എന്നിങ്ങനെയാണ് അര്‍ഥമെന്നു സമര്‍ഥിക്കാനാണ് വിചാരണ വേളയില്‍ ജയരാജന്‍ ശ്രമിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം