ജനാധിപത്യത്തില്‍ ജുഡീഷ്യറിയ്ക്കുള്ള സ്ഥാനം പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്നു മുഖ്യമന്ത്രി

November 8, 2011 കേരളം

പന്തളം: സി.പി.എം. നേതാവ് എം.വി. ജയരാജനെതിരായ ഹൈക്കോടതി വിധിയോട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ ജുഡീഷ്യറിയ്ക്കുള്ള സ്ഥാനം പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്നും ഇഷ്ടമില്ലാത്ത കോടതിവിധികളെ അപഹസിക്കുകയും ഇഷ്ടമുള്ളതിനെ അംഗീകരിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ മാന്യതയും പരസ്പര വിശ്വാസവും പുലര്‍ത്തണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ശക്തമായ ജുഡീഷ്യല്‍ സംവിധാനം അനിവാര്യമാണെന്നും കോടതിവിധികളെ രാഷ്ട്രീയനേതാക്കള്‍ മാനിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജഡ്ജിമാരെ അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ജയരാജനെതിരായ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും പ്രതികരിച്ചു. കോടതിയലക്ഷ്യം നടത്തിയ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നാട്ടില്‍ നിയമവും നീതിയും നടപ്പാക്കാനാണ് കോടതികളെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജന്റെ ശുംഭന്‍ പ്രയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോടതിയെ സ്തുതിക്കുന്ന വാക്കല്ലല്ലോ അതെന്നായിരുന്നു കൃഷ്ണയ്യരുടെ മറുപടി.

അതേസമയം കോടതിവിധി വിചിത്രവും അമ്പരപ്പുളവാക്കുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം