സര്‍ദാര്‍പുര കൂട്ടക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം

November 9, 2011 ദേശീയം

അഹമ്മദാബാദ്: ഗോധ്ര കലാപത്തിന് ശേഷം നടന്ന സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ പ്രതികളായ 31 പേരെ ജീവപര്യന്തം തടവിന് പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.
കോടതി ജഡ്ജ് എസ്.സി. ശ്രീവാസ്തവയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, കലാപം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 42 പേരെ കോടതി വെറുതെവിട്ടു. ഗുജറാത്ത് കലാപകാലത്ത് 33 പേരെ ജീവനോടെ ചുട്ടുകൊന്നുവെന്നതാണ് കേസ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളായിരുന്നു.
2002 ഫെബ്രുവരി 28 നാണ് സര്‍ദാര്‍പുര കൂട്ടക്കൊല അരങ്ങേറിയത്. 76 പേരെയാണ് കേസില്‍ പോലീസ് അറസ്റ്റുചെയ്തത്. 2009 ജൂണ്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം ഏറ്റെടുക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം