ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

November 12, 2011 ലേഖനങ്ങള്‍

കുന്നുകുഴി എസ്.മണി
തിരുവിതാംകൂറില്‍ ഐതിഹാസികമായി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരത്തിന് ഇന്ന് 75വര്‍ഷം തികയുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തം തുടങ്ങിയ അനാചാരങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം എന്നന്നേയ്ക്കുമായി തിരുവിതാംകൂറില്‍ അവസാനിപ്പിച്ചുകൊണ്ട് മഹാരാജാവ് തിരുമനസ്സ് 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചു. അതോടെ നൂറ്റാണ്ടുകളോളം ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് ക്ഷേത്രപ്രവേശനം സാദ്ധ്യമായി.
ഇന്ത്യയില്‍ ആദ്യമായി ഒരുനാട്ടുരാജ്യം പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ദേശീയതലത്തില്‍ വന്‍ സ്വീകരണമാണ് ആ കാലത്ത് ലഭിച്ചത്. എന്നു മാത്രമല്ല രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും അവര്‍ണര്‍ക്കായി പിന്നീട് തുറന്നുകൊടുക്കേണ്ടിവന്നു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരം ഒരു നിമിത്തമായിതീര്‍ന്നുവെന്നുമാത്രം. അന്ധകാരനിബിന്ധമായ കേരളത്തിന്റെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഈ വിളംബരം പ്രഖ്യാപിക്കാന്‍ കാരണമായ ആദ്യത്തെ സമരം 1924-ലെ വൈക്കം സത്യാഗ്രഹമായി വിലയിരുത്തപ്പെടുന്നു. കെ.പി.കേശവമേനോന്‍, ടി.കെ.മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈക്കം മഹാദേവന്‍ ക്ഷേത്രത്തിനുസമീപം ആരംഭിച്ച സമരം ക്ഷേത്രവഴികളില്‍ കൂടിയുള്ള അവര്‍ണരുടെ സഞ്ചാരസ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാലീസമരം അവര്‍ണജാതികളുടെ ക്ഷേത്രപ്രവേശനമെന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ പര്യാപ്തമായിഭവിച്ചുവെന്നതാണ് സത്യം വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രത്തിനുചുറ്റുമുള്ള വഴികള്‍ അവര്‍ണജാതികള്‍ക്കായിതുറന്നുകൊടുത്തു.

1931-ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റൊരുസമരത്തിന് തിരികൊളുത്തി. കെ.കേളപ്പന്റെ നേതൃത്വത്തിലായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്. ക്ഷേത്രവഴികള്‍ മാത്രമല്ല ക്ഷേത്രപ്രവേശനവും അവര്‍ണജാതികള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്. എ.കെ.ഗോപാലന്‍ ഉല്‌പെടെയുള്ളവരെ സവര്‍ണര്‍ നിഷ്ഠൂരമായി മര്‍ദ്ദിച്ച് അവശരാക്കുന്നതിലാണ് കാര്യങ്ങള്‍ എത്തിയത്. ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ അദ്ദേഹത്തിന്റെ ഹരിജനോദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഒക്കെഫലമായിട്ടായിരുന്നു ക്ഷേത്രപ്രവേശനം അവര്‍ണര്‍ക്ക് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. അതോടൊപ്പം തന്നെ ഈഴവരുടെ മതപരിവര്‍ത്തന സംരംഭവും ക്ഷേത്രപ്രവേശനവാദത്തിന് ആക്കം കൂട്ടിയിരുന്നു.
ഒടുവില്‍ ക്ഷേത്രപ്രവേശന സാദ്ധ്യതകളെക്കുറിച്ച് അപേക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 1932-ല്‍ സര്‍ക്കാര്‍ ഒന്‍പതുപേരടങ്ങുന്ന ഒരു കമ്മിഷനെനിയമിച്ചു. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, പുന്നശ്ശേരി നീലകണ്ഠശര്‍മ്മാ ടി.കെ.വേലുപ്പിള്ള, അവര്‍ണപ്രതിനിധി ടി.ടി.കേശവന്‍ ശാസ്ത്രിതുടങ്ങിയവര്‍ ഇതില്‍ അംഗമായിരുന്നു. 1934 ഏപ്രിലില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. ഇതിനിടെ മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ വടക്കുനിന്നും ഒരു സവര്‍ണജാഥ അവര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവനന്തപുരത്തെത്തിയിരുന്നു. ഈഴവരും, പുലയരും, പറയരും ഈ സന്ദര്‍ഭത്തില്‍ വ്യാപകമായി ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നതും ഭരണകൂടത്തെ വിഷമവൃത്തത്തിലാക്കി. അവര്‍ണരുടെ മതപരിവര്‍ത്തനത്തെ ചെറുക്കാന്‍ അന്ന് മഹാരാജാവിന്റെ ഉപദേഷ്ടാവായിരുന്ന സി.പി.രാമസ്വാമി അയ്യര്‍, ടി.ടി.കേശവന്‍ ശാസ്ത്രി എന്നിവര്‍ മുന്‍കൈയെടുത്ത് 1934-ല്‍ കേരളഹിന്ദുമിഷന്‍ സ്ഥാപിച്ചു.

1936 ആകുമ്പോഴേക്കും സി.പി.രാമസ്വാമി അയ്യരെ തിരുവിതാംകൂര്‍ ദിവാനായി നിയമിച്ചിരുന്നു. യുവാവായ മഹാരാജാവിനെ ക്ഷേത്രപ്രവേശനം അനുവദിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയതിന്റെയും ജനവികാരം മനസ്സിലാക്കിയതിന്റെയും ഫലമായി 1936 നവംബര്‍ 12-ന് ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരത്തിന് മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യംചാര്‍ത്തി പ്രഖ്യാപിച്ചു. ഇന്ന് 75-ാം വാര്‍ഷികമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ നാടിന്റെ പുരോഗതിയും സാമൂഹ്യവളര്‍ച്ചയും ലക്ഷ്യമാക്കിക്കൊണ്ട് ഏഴുപതിറ്റാണ്ടുകഴിഞ്ഞിരിക്കുന്നു. സാമൂഹ്യനവോത്ഥാനത്തിന് നാന്ദികുറിച്ച് വിളംബരത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുമ്പോള്‍ പോലും നവോത്ഥാനപ്രക്രിയകള്‍ പൂര്‍ണമായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍