‘ടിന്റുമോന്’ കോടതി കയറുന്നു

August 16, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: മാലോകരെ ഒന്നാകെ കുടുകുടെ ചിരിപ്പിച്ച് നര്‍മലോകത്ത് പുതുചരിതം രചിച്ച ‘ടിന്റുമോന്‍’ കോടതികയറുന്നു. ടിന്റുമോന്‍ എന്ന പേരില്‍ മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചാരം നേടിയ ഹാസ്യ കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ടിന്റുമോന്റെ പകര്‍പ്പവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് അവകാശപ്പെട്ട് ബി.എം.ജി ഗ്രൂപ്പ് പത്രപരസ്യം നല്‍കി.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ കുട്ടികള്‍ക്കായി തയാറാക്കിയ കോമിക് സ്ട്രിപ്പിനുവേണ്ടി 2002ല്‍ രൂപംനല്‍കിയ ഹാസ്യ കഥാപാത്രമാണ് ടിന്റുമോന്‍. പിന്നീട് മൊബൈല്‍ മെസേജുകളിലൂടെ ടിന്റുമോന്‍ സര്‍വരുടെയും ടിന്റുമോന്‍ ആയി. ബി.എം. ഗഫൂറിന്റെ മക്കള്‍ നടത്തുന്ന ‘ബി.എം.ജി’ ഗ്രൂപ്പ് ടിന്റുമോനെ കേന്ദ്ര കഥാപാത്രമാക്കി അനിമേഷന്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനമെടുത്തതോടെയാണ് പകര്‍പ്പവകാശ പ്രശ്‌നം ഉടലെടുത്തത്. പകര്‍പ്പവകാശത്തിനായി തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴേക്കും എറണാകുളത്തുള്ള അനിമേഷന്‍ കമ്പനി ടിന്റുമോന്റെ പകര്‍പ്പവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി അറിഞ്ഞതെന്നും അതിനാലാണ് പത്രപരസ്യം ചെയ്തതെന്നും ബി.എം.ജി. ഗ്രൂപ്പ് ഡയറക്ടറും ബി.എം. ഗഫൂറിന്റെ മകനുമായ തജ്മല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  നര്‍മത്തില്‍ ചാലിച്ച കഥാപാത്രമായി മാത്രമാണ് പിതാവ് ടിന്റുമോനെ സൃഷ്ടിച്ചത്. എന്നാല്‍, ഇന്ന് മൊബൈലിലൂടെ പ്രചരിക്കുന്ന ടിന്റുമോന്‍ തമാശകള്‍ അങ്ങേയറ്റം അശ്ലീലം കലര്‍ന്നതാണ്. ഇത് ബി.എം. ഗഫൂര്‍ എന്ന കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണെന്നും തജ്മല്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ടിന്റുമോന്‍ തമാശക്കഥകള്‍ സൃഷ്ടിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനകംതന്നെ ടിന്റുമോനെ കേന്ദ്ര കഥാപാത്രമാക്കി ഡി.സി. ബുക്‌സ് മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരവധി പത്രങ്ങളും മാസികകളും ടിന്റുമോന്‍ തമാശകള്‍ രംഗത്തിറക്കുന്നുമുണ്ട്.
കഥാപാത്രത്തിന്റെ മേല്‍ കോപ്പിറൈറ്റ് ആക്ട് പ്രകാരം ‘ബി.എം.ജി ഗ്രൂപ്പിന്’ നിലവില്‍ അധികാരം ഇല്ലാത്തതിനാല്‍ അവകാശം ഉന്നയിച്ചുള്ള പത്രപരസ്യത്തിന് സാധുതയില്ലെന്ന് ഡി.സി. ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ.വി. ശ്രീകുമാര്‍ പറഞ്ഞു. കോടതി കയറാനും തയാറാണെന്ന് ബി.എം.ജി ഗ്രൂപ്പ് പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം