ശിക്ഷാ ഇളവ്‌ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള

November 11, 2011 കേരളം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തനിക്കു വേണ്ടി ജയിലില്‍ പ്രത്യേകമായി ഒന്നും തന്നിരുന്നില്ലെന്ന്‌ ആര്‍.ബാലകൃഷ്‌ണ പിള്ള. ഇടതു സര്‍ക്കാര്‍ തന്ന ആനുകൂല്യങ്ങള്‍ തന്നെയാണ്‌ ജയിലില്‍ ഉണ്ടായിരുന്നത്‌. എ ക്ലാസ്‌ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ശിക്ഷാ ഇളവ്‌ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടില്ല.
എട്ടു മാസവും 17 ദിവസവും തടവ്‌ ശിക്ഷ അനുഭവിച്ചു. 75 ദിവസത്തെ പരോള്‍ ജയില്‍ നിയമത്തില്‍ ഉള്ളതാണ്‌. ആശുപത്രി തടവ്‌ തന്നെയാണ്‌, ചികിത്സയ്‌ക്ക്‌ ഏത്‌ ആശുപത്രിയും തിരഞ്ഞെടുക്കാം. താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ മറ്റു രണ്ടു പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സന്തോഷ്‌ മാധവന്‍ അമൃത ആശുപത്രിയില്‍ ചികിത്സ നടത്തിയെന്നു പിള്ള വ്യക്‌തമാക്കി. ജയില്‍ നിയമം അനുസരിച്ച്‌ നിരവധി ഇളവുകളുണ്ട്‌. എട്ടു മാസം കിടക്കേണ്ടതിനു പകരം 17 ദിവസം അധികം ജയിലില്‍ കിടന്നു. 14 വയസുമുതല്‍ ജയിലില്‍ കിടക്കുന്ന ആളാണു താന്‍.
ജയിലില്‍ വച്ചു ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വാളകത്തെ അധ്യാപകനുമായി പ്രശ്‌നമൊന്നുമില്ലെ്‌ന്നും പിള്ള പറഞ്ഞു. വാളകം ആക്രമണം സിബിഐക്കു വിട്ടതില്‍ സന്തോഷമുണ്ട്‌്‌. അധ്യാപകനുമായും സ്‌കൂളുമായും പ്രശ്‌നങ്ങളൊന്നുമില്ല. താന്‍ ജനിച്ച വാളകം ഇപ്പോഴാണ്‌ പ്രസിദ്ധമായത്‌.
അച്യുതാനന്ദന്റെ ഭാഷയില്‍ ഗണേഷ്‌ സംസാരിച്ചതു ശരിയായില്ല. ഗണേഷ്‌ മാപ്പു പറഞ്ഞതു പ്രശംസനീയമാണ്‌. ഗണേഷും പി.സി.ജോര്‍ജും പറയുന്നതു മാത്രമല്ല തെറ്റ്‌. ഗണേഷ്‌ ആവേശത്തില്‍ പറഞ്ഞതാകാം. ഇടമലയാര്‍ കേസിലെ കോടതി വിധി തെറ്റാണെന്ന്‌ വിശ്വസിക്കുന്നു.
പാര്‍ട്ടി തിരഞ്ഞെടുപ്പ്‌ നടപടികള്‍ സ്വീകരിച്ചെന്നു ബാലകൃഷ്‌ണപിള്ള പറഞ്ഞു. ജനുവരിയില്‍ പുതിയ പാര്‍ട്ടി കമ്മിറ്റി നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേത്‌ ഇതുവരെ അഴിമതിരഹിത ഭരണമാണ്‌. തന്റെ മോചനത്തിന്റെ പേരില്‍ ഇടതുപക്ഷം അനാവശ്യ സമരങ്ങളാണ്‌ നടത്തുന്നതെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം