സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളം ലോകജനതയ്ക്ക് മാതൃക: ഉപരാഷ്ട്രപതി

November 11, 2011 കേരളം

കോഴിക്കോട്: മതമൈത്രിയുടെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും കാര്യത്തില്‍ കേരളം ലോകജനതയ്ക്ക് ഉദാത്തമാതൃകയാണെന്ന് ഉപരാഷ്ട്രപതി ഡോ. എം.ഹമീദ് അന്‍സാരി. കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ രണ്ടാം സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെയും പ്രകൃതിയുടെയും ഇടപെടല്‍ കൊണ്ട് കേടുപാടുകള്‍ സംഭവിച്ച ആരാധാനലയങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിലെ മഹത്തായ പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിന് മുകൈയെടുത്ത പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പ് സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടിയ ചലച്ചിത്ര സംവിധായകന്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ‘മെന്‍ ആന്‍ഡി ഗോഡ്‌സ് ഓഫ് കേരള’ എന്ന പേരിലെടുത്ത സിനിമയെ കുറിച്ച് ഉപരാഷ്ട്രപതി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. വിദേശികള്‍ ഇവിടുത്തെ ജനങ്ങളെ അടുത്ത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാമൂതിരി രാജാവ് പി.കെ.എസ്.രാജ, കോഴിക്കോട് ഖാസി ഇമ്പിച്ചമ്മദ് ഹാജി, കോഴിക്കോട് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍.ഫാദര്‍ വിന്‍സെന്റ് അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിക്ക് തളിക്ഷേത്രത്തിന്റെയും മിശ്കാല്‍പള്ളിയുടെയും രൂപത്തിലുള്ള ഉപഹാരം സമ്മാനിച്ചു. പദ്ധതി നിര്‍വ്വഹണത്തിന് വഴിയൊരുക്കിയ ടി.കെ.എ.നായര്‍ക്ക് ഉപരാഷ്ട്രപതി ഉപഹാരം സമ്മാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം