നൊബേല്‍ ജേതാവ് ഹര്‍ഗോവിന്ദ് ഖുരാന അന്തരിച്ചു

November 12, 2011 രാഷ്ട്രാന്തരീയം

മസാച്യൂസെറ്റ്‌സ് (യു.എസ്.എ) : ജനിതകപഠനത്തില്‍ വിപ്ലവകരമായ പുത്തന്‍പാത വെട്ടിത്തുറന്ന ഇന്ത്യന്‍ വംശജനായ ഹര്‍ഗോവിന്ദ് ഖുരാന (89) അന്തരിച്ചു. അമേരിക്കയിലെ മസാച്യൂസെറ്റ്‌സില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. പരീക്ഷണശാലയില്‍ കൃത്രിമജീനിന് രൂപംനല്‍കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്ത്രജ്ഞനാണ് ഖുരാന. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 1968 ലാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഇപ്പോള്‍ പാകിസ്താനില്‍ ഉള്‍പ്പെടുന്ന പഞ്ചാബിലെ റായ്പൂരില്‍ ഒരു ഗവണ്‍മെന്റ് ക്ലാര്‍ക്കിന്റെ മകനായി 1922 ലാണ് ഖുരാന ജനിച്ചത്. ഗ്രാമത്തില്‍ സാക്ഷരതയുള്ള ഏക കുടുംബമായിരുന്നു ഖുരാനയുടേത്. തന്റെ സമ്പാദ്യം മുഴുവന്‍ മകന്റെ പഠിപ്പിനായി ആ അച്ഛന്‍ ചിലവിട്ടു. അതു പാഴായില്ലെന്ന് ചരിത്രം തെളിയിച്ചു.

മുള്‍ട്ടാനിലെ ഡി.എ.വി. ഹൈസ്‌കൂളിലായിരുന്നു ഖുരാനയുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടുത്തെ രത്തന്‍ലാല്‍ എന്ന അധ്യാപകനാണ് തന്റെ ജീവിതത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയതെന്ന് ഖുരാന ആത്മകഥയില്‍ എഴുതുകയുണ്ടായി. പിന്നീട് ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

1945ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ് നേടിയാണ് ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേയ്ക്ക് പോയത്. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം നേടിയ ഖുരാന പിന്നീട് സൂറിച്ചിലെത്തി. അവിടെവച്ച് പരിചയപ്പെട്ട പ്രൊഫ. വഌഡിമിര്‍ പ്രെലോഗാണ് ഖുരാനയുടെ ശാസ്ത്രജീവിതത്തെ വഴിതിരിച്ചുവിട്ടത്.

സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് ചേര്‍ന്ന ഖുരാന, അവിടെ വെച്ച് പരിചയപ്പെട്ട എസ്തര്‍ എലിസബത്തിനെ ജീവിതപങ്കാളിയാക്കി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ജൂലിയ എലിസബത്ത്, എമിലി ആന്‍, ഡേവ് റോയ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം