നാട്ടുകാരുടെ മര്‍ദനത്തിനിരയായി യുവാവ് മരിച്ച കേസില്‍ നാലുപേര്‍കൂടി പിടിയിലായി

November 14, 2011 കേരളം

മുക്കം: നാട്ടുകാരുടെ മര്‍ദനത്തിനിരയായി യുവാവ് മരിച്ച കേസില്‍ നാലുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ചെറുവാടി ചുള്ളിക്കാപറമ്പ് സ്വദേശി ഷഹീദ്ബാവ (26)യാണ് കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം ക്രൂര മര്‍ദനത്തിനിരയായതിനെതുടര്‍ന്ന് മരിച്ചത്. ആസൂത്രിത കൊലപാതകമാണിതെന്ന് ഡി.ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു. ഏതൊക്കെതലത്തിലാണ് ആസുത്രണം നടന്നിട്ടുള്ളതെന്നുമാത്രമെ കണ്ടെത്താനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലാളത്തിര അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിനെ മുക്കം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അര്‍ധരാത്രിയായതിനാല്‍ പുരുഷന്മാരില്ലാത്ത വീടിന്റെ പരിസരത്ത് സംശയാസ്പദമായി കണ്ടുവെന്നാരോപിച്ച് ഇയാളെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ബന്ധുക്കള്‍ക്കുപോലും വിട്ടുകൊടുക്കാത്ത അവസ്ഥയില്‍ മുക്കം പോലീസെത്തിയാണ് ഷഹീദിനെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. കോട്ടപ്പുറത്ത് തേലിരി കത്താലിയുടെ മകനാണ് ഷഹീദ്ബാവ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം