ഗുരുസങ്കല്‍പം

November 15, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതിജയ് സീതാരാം
ആചാര്യനാരാണ്?
‘ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപി
സ്വയമാചര്‌തേ ചാപി തസ്മാദാചാര്യ ഉച്യതേ
ആമ്‌നായ തത്ത്വവിജ്ഞാനച്ചരാചര സമത്വതഃ
യമാദി യോഗസിദ്ധത്വദാചാര്യ ഇതി കഥ്യതേ’.    (വായുപുരാണം)
വേദശാസ്ത്രങ്ങളഭ്യസിക്കുകയും ഉറപ്പിക്കുകയും അത് ധര്‍മ്മാചരണത്തിലൂടെ സ്ഥാപിക്കുകയും ശിഷ്യനിലേയ്ക്ക് പകര്‍ത്തുകയും സ്വയം ആചരിക്കുകയും ചെയ്യുന്നവന്‍ ആചാര്യന്‍. വേദതത്ത്വങ്ങളഭ്യസിക്കുന്നതിലൂടെ ചരാചരങ്ങളെ സമഭാവനയോടെ വീക്ഷിക്കുകയും (ചരാചരസമത്വതഃ ) യമാദി യോഗസിദ്ധികളുണ്ടായിരിക്കുകയും ചെയ്യുന്നവര്‍ ആചാര്യന്‍. ആചാര്യന്‍ കാരുണ്യവാനും സ്‌നേഹനിധിയും ആയിരിക്കണം.
‘ഗുരുഃ പുത്രസമം സ്‌നേഹം ശിഷ്യേഷു ന കരിഷ്യതി
ലഭതേ ബ്രഹ്മഹത്യാം ച ഭുംക്തേ കൃതാ ച നാശിഷം’.
ശിഷ്യനില്‍ പുത്രനിര്‍വ്വിശേഷമായ സ്‌നേഹമില്ലാത്ത ഗുരു ബ്രഹ്മഹത്യയ്ക്കു തുല്യമായ പാപം സമ്പാദിക്കുന്നു. തന്നെയുമല്ല, തന്റെ ആശീര്‍വചനങ്ങള്‍ അനുഭവിക്കേണ്ടവന് ഫലിക്കാതെയുമാവുന്നു.
ഗുരുവിനെ രക്ഷിക്കുകയും ഗുരുവിനാല്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്ന ഉത്തരവാദിത്തമാണ് ഗുരു ശിഷ്യബന്ധത്തിലുള്ളത്. (ഗുരുശുശ്രൂഷ, ഗുരു പറയുന്നതനുസരിക്കാന്‍ അതാണ് ഗുരുവിനെ രക്ഷിക്കുക എന്നത്) മിഥ്യാ വാദികളെയും ജ്ഞാനഹീനന്മാരെയും ഗുരുവായി അംഗീകരിക്കരുത്. അങ്ങനെയുള്ളവരെ ഉപേക്ഷിക്കാന്‍ ശിഷ്യന് സ്വാതന്ത്ര്യമുണ്ട്.
ജ്ഞാനഹീനോ ഗുരുസ്ത്യാജ്യഃ മിഥ്യാവാദ വിഡംബകഃ
ഒരുവന്റെ കൈയില്‍ ഉള്ളതേ കൊടുക്കാനാവൂ. അറിവും ശാന്തിയും ഇല്ലാത്തവന്, അത് ദാനം ചെയ്യാനാവില്ല.
സ്വവിശ്രാന്തിം ന ജാനാതി പരശാന്തിം കരോതി കിം?
സ്വയം തര്‍ത്തും  ജാനാതി പരം നിസ്താരയേത് കഥം?
(ഗുരുഗീത) (ബ്രഹ്മാണ്ഡപുരാണം)
സ്വയം നദികടക്കാന്‍ അറിയാത്തവന്‍ മറ്റുള്ളവരെ കടത്തിവിടുന്നതെങ്ങനെയാണ്?
‘പഞ്ചേന്ദ്രിയാര്‍ണ്ണവം ഘോരം യദി ശൂദ്രാfപി തീര്‍ണ്ണവാന്‍
തസ്‌മൈ ദാനം പ്രദാതവ്യം അപ്രമേയം യുധിഷ്ഠിര’.
ഘോരമായ ഇന്ദ്രിയ സമുദ്രത്തില്‍നിന്നും (ദുഃഖ പൂര്‍ണ്ണമായ വിഷയങ്ങളില്‍നിന്നും സംസാരസമുദ്രത്തില്‍ നിന്നും) തരണം ചെയ്യുന്നവന്‍ ശൂദ്രനായാലും അയാള്‍ ശ്രേഷ്ഠമായ ദാനത്തിനര്‍ഹയായിത്തീരുന്നു. ഉന്നതജാതീയനായിലും നിഷിദ്ധകര്‍മ്മങ്ങളാചരിക്കുന്നവനെ പുറം തള്ളണം.
(ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ)
ജാതിയുടെ പേരില്‍ നാം കാണുന്ന വ്യത്യാസം ആചാര്യമതമല്ല. സദാചാരനിരതനും (നല്ല കര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നവന്‍) ധര്‍മ്മജ്ഞനുമായ ശൂദ്രനെ സന്തോഷത്തോടെ പൂജിക്കണമെന്ന് മനു അനുശാസിക്കുന്നു.
‘യഥാവിപ്രകുലേ മൂര്‍ഖോ മൂര്‍ഖ ഇത്യഭിധീയതേ
വിദ്യാ യോഗ്യത്വതഃ ശൂദ്രോ ന മൂര്‍ഖോ മൂര്‍ഖവദ്വസന്‍’
ബ്രാഹ്മണകുലത്തില്‍ ജനിച്ചവനായാലും മൂര്‍ഖന്‍ (അജ്ഞാനി, ദുഷ്ടന്‍) മൂര്‍ഖന്‍ തന്നെയാണ്. അജ്ഞനെപ്പോലെ വസിക്കുന്ന ശൂദ്രന് വിദ്യായോഗ്യത ഉണ്ടെങ്കില്‍ അവന്‍ ശൂദ്രനാകുന്നില്ല. (പൂജനീയന്‍ തന്നെ).
‘നഹിജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ‘   (ഭഗവത്ഗീത)
ജ്ഞാനം പോലെ പരിശുദ്ധമായി മറ്റൊന്നും ഉണ്ടാകുന്നില്ല.
‘ബുദ്ധിശ്ച ഹീയതേ പുംസാ നീചൈഃ സഹ സമാഗമാത്’   (സ്‌കാന്ദപുരാണം)
നീചന്മാരുമായുള്ള കൂട്ടുകെട്ടുകൊണ്ട് ബുദ്ധി മലിനമായി ബന്ധം ബുദ്ധിയെയും അതുപോലെ നിലനിര്‍ത്തുന്നു. മണലുകൊണ്ട് കയറുപരിയിക്കാന്‍ കഴിയാത്തതുപോലെ സ്വയം ബോധമില്ലാത്തവനെ സഹായിക്കാനാവില്ല. കോപിഷ്ഠന്‍, വിനയഹീനന്‍, മടിയന്‍, രോഗി, ഓര്‍മ്മശക്തി ഇല്ലാത്തവന്‍, എന്നീ അഞ്ചു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യ പ്രയാസമാണ്.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം