എം.വി.ജയരാജന് ജാമ്യം അനുവദിച്ചു

November 15, 2011 ദേശീയം

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട എം.വി.ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി ഉത്തരവിട്ട പിഴയായ രണ്ടായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനുള്ള ജയരാജന്റെ അവകാശം ഹൈക്കോടതി നിഷേധിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

എന്നാല്‍ കോടതി സി.പി.എമ്മിനെ രൂക്ഷമായി വിര്‍ശിച്ചു. കോടതി വിധിയ്‌ക്കെതിരെ സി.പി.എം ഹൈക്കോടതി പരിസരത്ത് സമരം നടത്തിയെന്ന് ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്. ഭരണഘടനാപരമായ കോടതി വിധിയെ എങ്ങിനെയാണ് ഇത്തരത്തില്‍ നേരിടുന്നതെന്ന് കോടതി ചോദിച്ചു. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കോടതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം