കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

November 16, 2011 ദേശീയം

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്കായി കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍. ചക്രങ്ങള്‍ ഇല്ലാതെ പൂര്‍ണമായും വൈദ്യുത കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന മഗ്‌ലെവ് (മാഗ്‌നെറ്റിക് ലെവിറ്റേറ്റിങ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയാല്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും ശ്രീധരന്‍ പറഞ്ഞു.
സാധാരണനിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി മഗ്‌ലെവ് സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ രണ്ടര വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കാനാകും. പാളത്തില്‍ നിന്ന് അല്‍പം ഉയര്‍ന്ന് സഞ്ചരിക്കുന്നതിനാല്‍ കുലുക്കം ഏറെയൊന്നും അനുഭവപ്പെടില്ല. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന മെട്രോ നഗരങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യമായ സാങ്കേതികവിദ്യയാണിതെന്ന് ശ്രീധരന്‍ പറഞ്ഞു. ജപ്പാനില്‍ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം