സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില് 0.50 ശതമാനം വര്ധന വരുത്തി

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ഭവന, വാഹന വായ്പകളുടെ പലിശ ഉയരാന്‍ സാധ്യത തെളിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില്‍ 0.50 ശതമാനം വര്‍ധന വരുത്തി. ഇതോടൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 1.5 ശതമാനം വരെയും വര്‍ധന വരുത്തിയിട്ടുണ്ട്.
അടിസ്ഥാന വായ്പാ നിരക്ക് നിലവിലെ 11.75 ശതമാനത്തില്‍ നിന്ന് 12.25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ വായ്പകളുടെ പലിശ നിരക്കില്‍ 0.50 ശതമാനം മുതല്‍ ഒരു ശതമാനം വരെ വര്‍ധനവിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. അടിസ്ഥാന പലിശ നിരക്കിലെ വര്‍ധന ആഗസ്റ്റ് 17 മുതല്‍ പ്രാബല്ല്യത്തില്‍ വരും.
പുതിയ വായ്പാ ഉപഭോക്താക്കളുടെ അടിസ്ഥാന വായ്പാ നിരക്ക് ഈ ജൂലൈ ഒന്നിന് 7.5 ശതമാനമായി നിജപ്പെടുത്തിയിരുന്നു.
15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് 1.5 ശതമാനം വര്‍ധന വരുത്തിയത്. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിലവിലെ 5.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനവുമാക്കിയിട്ടുണ്ട്. 3-5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ച് 7.25 ശതമാനമാക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം