നാളെമുതല്‍ വൃതശുദ്ധിയുടെ മണ്ഡലകാലം

November 16, 2011 കേരളം

ശബരിമല: ഇനി ശരണംവിളിയുടെ നാളുകള്‍. മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും.
അറുപത്തഞ്ച്‌ നാള്‍ നീളുന്ന തീര്‍ഥാടനത്തിനായി ഇന്നു മേല്‍ശാന്തി എഴിക്കോട്‌ ശശി നമ്പൂതിരി നട തുറക്കും. തുടര്‍ന്നു പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും. അതിനു ശേഷം അയ്യപ്പന്മാര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും.
സന്ധ്യയോടെ നിയുക്‌ത മേല്‍ശാന്തിമാരായ തിരുവനന്തപുരം മണികണ്‌ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍. ബാലമുരളിയെ സന്നിധാനത്തും തിരുവനന്തപുരം ആറ്റുകാല്‍ കോറമംഗലത്ത്‌ ടി.കെ. ഈശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറത്തും അഭിഷേകം ചെയ്യും. തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ചാണ്‌ അഭിഷേകം. നാളെ വൃശ്‌ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തി എന്‍. ബാലമുരളിയാണു ശബരീശന്റെ നട തുറക്കുക. നെയ്യഭിഷേകം നാളെ തുടങ്ങും. തിരക്കു കുറയ്‌ക്കാന്‍ ദര്‍ശനസമയം വര്‍ധിപ്പിച്ചിട്ടുണ്ട്‌. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറക്കും. ഉച്ചപൂജ കഴിഞ്ഞ്‌ ഒരു മണിക്കു നട അടയ്‌ക്കും. വീണ്ടും മൂന്നു മണിക്കു തുറക്കും. രാത്രി 11.45ന്‌ ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും. തീര്‍ഥാടന കാലത്ത്‌ ഉദയാസ്‌തമനപൂജയും പടിപൂജയും ഒഴിവാക്കിയിട്ടുണ്ട്‌. പുഷ്‌പാഭിഷേകത്തിനും നിയന്ത്രണമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം