സര്‍ക്കാരിന്റെ അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു

November 17, 2011 കേരളം

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ അടുത്ത ഒരുവര്‍ഷത്തെ സപ്‌തധാരാ കര്‍മപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. അടിസ്‌ഥാന സൗകര്യവികസനത്തിനും സേവനത്തിനും ജനസുരക്ഷയ്‌ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.
പബ്ലിക്‌ യൂട്ടിലിറ്റി സര്‍വീസ്‌ മികവുറ്റതാക്കാന്‍ സിയാല്‍ മോഡലില്‍ നാല്‌ കമ്പനികള്‍ രൂപവത്‌കരിക്കും. ഇതില്‍ 26% ഓഹരി പങ്കാളിത്തം സര്‍ക്കാരിന്‌ ആയിരിക്കും. പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യ ചികിത്സയ്‌ക്ക്‌ കേരള ആരോഗ്യശ്രീ പദ്ധതി, സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന്‌ നിര്‍ഭയ പദ്ധതി എന്നിവ കൊണ്ടുവരും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ നടപ്പാക്കും.
എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും ഹെല്‍പ്‌ ഡസ്‌ക്‌ സംവിധാനം ഏര്‍പ്പെടുത്തും. 150 പൊലീസ്‌ സ്‌റ്റേഷനുകളില്‍ കൂടി വനിതാ പൊലീസ്‌ ഹെല്‍പ്‌ ഡസ്‌കുകള്‍ കൊണ്ടുവരും. ഗുണ്ടാ ആക്‌ടില്‍ മാറ്റം വരുത്തി ശക്‌തിപ്പെടുത്തും. സംസ്‌ഥാനതലത്തില്‍ വ്യവസായ സംരക്ഷണ സേന നിലവില്‍ വരും. തിരുവനന്തപുരം സിറ്റി പൊലീസ്‌ എന്ന പേരില്‍ പ്രത്യേക യൂണിഫോമോടു കൂടിയ സംവിധാനം കൊണ്ടുവരും. സിബിഐ മാതൃകയില്‍ സ്‌റ്റേറ്റ്‌ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ എന്ന പേരില്‍ സംസ്‌ഥാനത്ത്‌ സ്വതന്ത്ര അന്വേഷണ ഏജന്‍സി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യവസായങ്ങള്‍ക്ക്‌ ഏകജാലക ക്ലിയറന്‍സ്‌ നല്‍കും. എമര്‍ജിങ്‌ കേരള നിക്ഷേപക സംഗമം 2012 സെപ്‌റ്റംബറില്‍ നടത്തും. സേവനാവകാശ നിയമം നടപ്പിലാക്കും. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍ വത്‌കരിക്കും. മത്സ്യസമൃദ്ധി എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങളും സഹകരണബാങ്കുകളും മുഖേന 2500 കോടി രൂപയുടെ കൃഷി വായ്‌പ നല്‍കും. വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്ന 25,000 കര്‍ഷകര്‍ക്ക്‌ പലിശയില്‍ സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം