അഴിമതി: സുഖ്‌റാമിന് അഞ്ച് വര്‍ഷം തടവ്‌

November 19, 2011 ദേശീയം

ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം മുമ്പ് നടന്ന ടെലികോം അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നരസിംഹറാവു മന്ത്രിസഭയിലെ വാര്‍ത്താവിതരണവകുപ്പ് മന്ത്രിയായിരുന്ന സുഖ്‌റാം ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് കേസ്.

84-കാരനായ സുഖ്‌റാമിനെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന വകുപ്പുപ്രകാരവുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ. കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജഡ്ജി ആര്‍.പി. പാണ്ഡേയാണ് ശിക്ഷ വിധിച്ചത്.

1996 ലാണ് കേസിനാസ്പദമായ അഴിമതിയുണ്ടായത്. 1998 ലാണ് സി.ബി.ഐ. അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നുലക്ഷം രൂപ കൈക്കൂലി കൈപ്പറ്റി സുഖ്‌റാമും മറ്റൊരാളും ചേര്‍ന്ന് സ്വകാര്യകമ്പനിക്ക് വന്‍തോതില്‍ കേബിള്‍ അനുവദിച്ചുവെന്നാണ് കേസ്. 2009 ല്‍ സി.ബി.ഐ. നടത്തിയ റെയ്ഡില്‍ സുഖ്‌റാം വരവില്‍ക്കവിഞ്ഞ് 4.25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായ സുഖ്‌റാം മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1993’96 കാലത്താണ് അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം സഹമന്ത്രിയായിരുന്നത്. 2009 ല്‍ മറ്റൊരു ടെലികോം അഴിമതിക്കേസില്‍ സുഖ്‌റാമിനെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഹൈദരാബാദിലെ അഡ്വാന്‍സ് റേഡിയോ മാസ്റ്റസ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ രാമറാവുവിന് അനധികൃതമായി ആനുകൂല്യങ്ങള്‍ ചെയ്തു കൊടുത്ത് പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പ്രസ്തുത കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം