ആധാര്‍ വിവരശേഖരണത്തിനെതിരെ ആഭ്യന്തരമന്ത്രാലയം

November 20, 2011 ദേശീയം

ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ നമ്പറായ ‘ആധാറി’ന് വേണ്ടി, സത്യസ്ഥിതി പരിശോധിക്കാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്, രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയ്ക്ക് നല്‍കിയ ഒരു കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ഉയര്‍ത്താനിരിക്കുകയാണ് ചിദംബരം.
വിവരങ്ങളുടെ സത്യസ്ഥിതി ആരായാതെ വിവരശേഖരണം നടത്തുന്നതുമൂലം ഓരോ പ്രദേശത്തും യഥാര്‍ഥ താമസക്കാരല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ദേശീയസുരക്ഷയെ ബാധിച്ചേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
2009 ജനവരിയിലാണ് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ രൂപവത്കരിച്ചത്. ‘ഇന്‍ഫോസിസി’ന്റെ സി.ഇ.ഒ. ആയിരുന്ന നന്ദന്‍ നിലേക്കനി ഇതിന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു. 2010 സപ്തംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആധാര്‍ നമ്പറുകളുടെ ആദ്യവിതരണം മഹാരാഷ്ട്രയിലെ ആദിവാസിപ്രദേശമായ നന്ദൂര്‍ ബാര്‍ ജില്ലയില്‍ നടത്തി.
തുടക്കത്തില്‍ ആളൊന്നിന് 30-35 രൂപ മാത്രം ചെലവ് വരുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ഇപ്പോള്‍ 450-500 ഓളം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ഇത് മൊത്തം 1,50,000 കോടിയുടെ ഒരു സംരംഭമായിത്തീരും

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം