വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

November 21, 2011 ദേശീയം

ഗോഹട്ടി: കേരളത്തില്‍ ഇടുക്കിയിലും തിരുവനന്തപുരത്ത്‌ കടലിലും ഭൂചലനം അനുഭവപ്പെട്ടതിനു പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ്‌ എന്നിവിടങ്ങളിലും ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
രാവിലെ 8.47 ഓടെയായിരുന്നു ഭൂചലനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന്‌ 130 കിലോമീറ്റര്‍ തെക്കുമാറി മ്യാന്‍മറിലെ പ്രദേശമാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ യുഎസ്‌ ഭൗമശാസ്‌ത്രകേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. പ്രകമ്പനം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും കാര്യമായ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
ആസാം, മേഘാലയ, മിസോറം, ത്രിപുര, നാഗാലാന്‍ഡ്‌, അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍ എന്നീ ഏഴ്‌ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂകമ്പസാധ്യതാ മേഖലകളില്‍ ആറാമതാണ്‌. നാശനഷ്‌ടങ്ങള്‍ വിലയിരുത്തി വരികയാണ്‌. 1897 ല്‍ റിക്‌ടര്‍ സ്‌കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഈ മേഖലയില്‍ ഇതുവരെയുണ്ടായതില്‍ വച്ച്‌ ഏറ്റവും തീവ്രത രേഖപ്പെടുത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം