11,002.11 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

November 22, 2011 ദേശീയം

ന്യൂഡല്‍ഹി: കേരളത്തിനായി 11,002.11 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് അഭ്യര്‍ഥിച്ചു.
കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജില്‍ 2,924 കോടിയുടെ കേന്ദ്രകടം എഴുതിത്തള്ളല്‍, 477.11 കോടിയുടെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ്, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉള്‍പ്പെടും.
ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവെച്ച ചില തടസ്സങ്ങള്‍ മറികടന്ന് കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചി മെട്രോ സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റഷനുകള്‍ക്ക് തീര്‍ഥാടക റെയില്‍വേ സ്റ്റേഷന്‍ എന്ന പദവി നല്‍കാന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഉത്കണ്ഠ സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി നടപ്പാക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പുനല്‍കി. ദക്ഷിണമേഖലാ വ്യവസായ മന്ത്രിമാരുടെ സമ്മേളനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. ആലപ്പുഴയില്‍ ഫിബ്രവരി 12-ന് നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര മേളയ്ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സഹായം നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു. 2012 സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരള മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിച്ചു. മന്ത്രിമാരായ കെ.എം. മാണി, പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, എ.പി. അനില്‍ കുമാര്‍, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ് എന്നിവരും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം