ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അഞ്ചാം മഹാസമാധി വാര്‍ഷികാചരണം 24,25 തീയതികളില്‍

November 23, 2011 കേരളം,ദേശീയം,രാഷ്ട്രാന്തരീയം

തിരുവനന്തപുരം: വിശ്വവിശ്രുത സന്ന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അഞ്ചാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആചരിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ 24ന് രാവിലെ 5.30ന് ആരാധനയ്ക്കുശേഷം അഹോരാത്ര രാമായണപാരായണം ആരംഭിക്കും. 10ന് ഗുരുഗീതാ പാരായണം, ഭജന. 11ന് മഹാസമാധിപൂജ, ഉച്ചയ്ക്ക്  ഒന്നിന് പ്രസാദഊട്ട്, വൈകുന്നേരം 6.30ന് സഹസ്രദീപദര്‍ശനം, രാത്രി 7.30ന് ഭജന, 8ന് ആരാധന, 8.30ന് കഥകളി സമര്‍പ്പണം, കഥ – കുചേലവൃത്തം, കിരാതം. അവതരണം:  ആനാട് കലാബോധിനി കഥകളി വിദ്യാലയം.
25ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാരംഭിക്കും. 4ന് നിര്‍മ്മാല്യം, രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണ പാരായണസമാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന. 8ന് ആരാധന, വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.
തീര്‍ത്ഥപാദമണ്ഡപത്തില്‍ 25ന് വൈകുന്നേരം 5ന് നടക്കുന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ശ്രീമദ് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം പ്രസിഡന്റ് ശ്രീമദ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷതവഹിക്കും. സംസ്ഥാന സന്ന്യാസി സഭ കണ്‍വീനര്‍ ശ്രീമദ് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. ജി. മധുസൂദനന്‍പിള്ള എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം