ഇടുക്കിയില്‍ വീണ്ടും ഭൂചലനം

November 26, 2011 കേരളം

കട്ടപ്പന: കേരളത്തിലെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി ഇടുക്കിയില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ മുതല്‍ നാലു തവണയാണു ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ചലനം. റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 3.4, 2.9, 1.4, 1.7 എന്നിങ്ങനെയാണു ചലനങ്ങള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 18നു പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ട ഉപ്പുതറ മേഖലയിലും മൂലമറ്റം പവര്‍ ഹൗസിനു സമീപവുമാണ് ഇന്നും കാര്യമായ ചലനം അനുഭവപ്പെട്ടത്.

ഉപ്പുതറയ്ക്കു സമീപം വളകോട്, കണ്ണമ്പടി, പൂവലേറ്റം, പുളിങ്കട്ട, കോട്ടമല, പീരുമേട്, ഇടുക്കി, തുടങ്ങിയ മേഖലകളില്‍ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു. കഴിഞ്ഞ 18ന് ചലനം ഉണ്ട ായതിനു പിന്നാലെയെത്തിയ കുലുക്കം നാട്ടുകാരെ ഭീതിയിലാഴ്ത്തി. 3.14നുണ്ടായ ചലനത്തിനുശേഷം വലിയ മുഴക്കങ്ങള്‍ കേട്ടതായും നാട്ടുകാര്‍ പറയുന്നു. ഭൂചലന ആശങ്ക നിലനിന്നിരുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ നാട്ടുകാര്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ആദ്യചലനത്തില്‍ ഭയചികിതരായി പുറത്തിറങ്ങിയ വീട്ടുകാര്‍ നേരം ഏറെ പുലര്‍ന്നതിനു ശേഷമാണു വീടിനുള്ളില്‍ കയറാന്‍ തയാറായത്. തടി നിര്‍മിത വീടുകളില്‍ താമസിച്ചവര്‍ക്കാണ് ഏറെ ചലനം അനുഭവപ്പെട്ടതെന്ന് പലരും പറയുന്നു. വീടിന്റെ ജനല്‍പ്പാളി ഇളകുകയും പാത്രങ്ങള്‍ താഴെ വീഴുകയും ചെയ്തതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചു.

ശക്തമായ കാറ്റും വീശിയിരുന്നു. ഇത് ജനങ്ങളുടെ ഭയം ഇരട്ടിപ്പിച്ചു. വാഗമണ്‍ ഭാഗത്ത് വീടുകള്‍ക്ക് ചെറിയ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ട ാകാമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തെയും ഭൂചലനം വിറപ്പിച്ചു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, വാഗമണ്‍, പെരിങ്കുളം, പാതാമ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം