മുല്ലപ്പെരിയാര്‍: ജനങ്ങള്‍ ആശങ്കയില്‍

November 28, 2011 കേരളം

കട്ടപ്പന: ഭൂചലനങ്ങള്‍ തുടര്‍സംഭവങ്ങളായതോടെ ഗുരുതരമായ തകര്‍ച്ചാഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാം ജനങ്ങളുടെ മനസില്‍ സൃഷ്ടിക്കുന്ന ഭീതിയും രോഷവും പൊട്ടിത്തെറിയുടെ വക്കിലെത്തി. ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്ന് ഇടുക്കി ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. എംപിമാരായ പി.ടി. തോമസും ജോസ് കെ. മാണിയും ഇന്നു ഡല്‍ഹിയില്‍ ഉപവസിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുന്നില്‍ രാവിലെ 9.30-ന് ഉപവാസം തുടങ്ങും. ഉപ്പുതറ ചപ്പാത്തിലെ സമരപ്പന്തലില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഇന്നലെ വൈകുന്നേരം ആറുമുതല്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രഫ. സി.പി. റോയിയും സമരസമിതി സെക്രട്ടറി ഷാജി പി. ജോസഫും മരണംവരെ ഉപവാസം ആരംഭിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ അനുവദനീയ ജലനിരപ്പായ 136 അടി ഇന്നലെ കവിഞ്ഞതു കൂടുതല്‍ ഭീതി പരത്തി. പുതിയ ഡാമിന് എതിരു നില്‍ക്കുന്ന തമിഴ്‌നാടിനെതിരേ ജനരോഷം കൂടുതല്‍ ശക്തമാകാനും ഇതിടയാക്കിയിട്ടുണ്ട ്. ഇരുണ്ട ുമൂടിയ അന്തരീക്ഷം നിലനില്‍ക്കുന്ന ഇടുക്കിയില്‍ ഇനിയും ഭൂചലനമുണ്ട ാകാമെന്നു ജനങ്ങള്‍ ഭയപ്പെടുന്നു. ശനിയാഴ്ചയും 18-നും ഭൂചലനമുണ്ട ായപ്പോഴുള്ള അതേ കാലാവസ്ഥയാണ് ഇപ്പോഴിവിടെ നിലനില്‍ക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പടുകൂറ്റന്‍ പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. പരപ്പില്‍നിന്നും ചപ്പാത്തിലെ സമരപ്പന്തലിലേക്കായിരുന്നു പ്രതിഷേധറാലി. രാവിലെ പത്തുമുതല്‍ സമരക്കാര്‍ കുട്ടിക്കാനം – കട്ടപ്പന റോഡ് ഉപരോധിച്ചു. അതിനിടെ, മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരം ഇന്നലെ 1800 ദിവസം പിന്നിട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നു കേരളം ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു രണ്ട ുനാള്‍ കഴിഞ്ഞപ്പോഴാണു ജലനിരപ്പ് 136 അടിയും കവിഞ്ഞു പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. രണ്ട ുദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ചെയ്യുന്ന മഴയും തമിഴ്‌നാട് വെള്ളമൊഴുക്ക് തടഞ്ഞതുമാണു ബലക്ഷയം ബാധിച്ച ഡാം നിറഞ്ഞുതുളുമ്പാനിടയാക്കിയത്.

തമിഴ്‌നാട്ടില്‍ മഴ ശക്തമാവുകയും അവരുടെ പതിനെട്ടാം കനാലും കുളങ്ങളും നിറയുകയും ചെയ്തതോടെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറില്‍നിന്നു വെള്ളമെടുക്കല്‍ കുറച്ചത്. വൈഗഡാമും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളമെടുത്തു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്നു താഴ്ത്താനും തമിഴ്‌നാടിനാവില്ല.

ഇതിനുമുമ്പ് 2006 നവംബര്‍ 18- നാണു മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയത്. അന്ന് 138.6 അടിവരെ വെ ള്ളം ഉയര്‍ന്നിരുന്നു. തമിഴ്‌നാട് ഫോര്‍ബേ ഡാം തുറന്ന് ഇരൈച്ചില്‍പാലത്തിലൂടെ വെള്ളം ഒഴുക്കിയാണ് ജലനിരപ്പു നിയന്ത്രിച്ചത്. ഇരൈച്ചില്‍ പാലത്തിലൂടെ കുത്തിയൊഴുകിയ വെള്ളം ലോവര്‍ക്യാമ്പ് വൈദ്യുതി നിലയത്തിനും റോഡിനും പാലത്തിനും കേടുപാട് ഉണ്ട ാക്കിയിരുന്നു. അന്നു പട്ടാളത്തെ ഇറക്കിയാണ് റോഡും വൈദ്യുതി നിലയവും പുനര്‍നിര്‍മിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം