കനിമൊഴിയ്ക്ക് ജാമ്യം അനുവദിച്ചു

November 28, 2011 ദേശീയം

ന്യൂഡല്‍ഹി: 2 ജി കേസില്‍ ഡി.എം.കെ. എം.പി. കനിമൊഴിയ്ക്ക് ജാമ്യം. കനിമൊഴിയെക്കൂടാതെ കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാര്‍, സിനിയുഗ് ഫിലംസിന്റെ കരീം മൊറാനി, കുസേഗാവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, എന്നിവര്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയ്ക്ക് ജാമ്യം ലഭിച്ചില്ല. ബെഹുറയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തതിനെ തുടര്‍ന്നാണിത്.

കനിമൊഴി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച തുടങ്ങിയ വാദം കേള്‍ക്കലിന് ഒടുവിലാണ് ജസ്റ്റിസ് വി.കെ ഷാലി ഇന്ന് ജാമ്യം അനുവദിച്ചത്. കേസിലെ അഞ്ച് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കനിമൊഴി ഉള്‍പ്പെടെയുള്ള പ്രതികള്‍ പ്രതീക്ഷയിലായിരുന്നു. യുണീടെക് വയര്‍ലെസ് എം.ഡി. സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോമിന്റെ വിനോദ് ഗോയെങ്ക, റിലയന്‍സ് അഡാഗ് ഉദ്യോഗസ്ഥരായ ഗൗതം ദോഷി, സുരേന്ദ്ര പിപാറ, ഹരി നായര്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചത്.

തങ്ങളുടെ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ഡിസംബര്‍ ഒന്നിന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചത്. കനിമൊഴിയെ മെയ് 20-നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കൊപ്പം ഫിബ്രവരി രണ്ടിനാണ് ബെഹൂറ അറസ്റ്റിലാവുന്നത്. ഇവര്‍ അന്നുമുതല്‍ തിഹാര്‍ ജയിലിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം