മഴ: ശരണവഴികള്‍ ചെളിക്കുളമായി

November 29, 2011 കേരളം

ശബരിമല: രണ്ടു ദിവസമായി സന്നിധാനത്തു പെയ്‌ത കനത്ത മഴയില്‍ ശരണവഴികള്‍ ചെളിക്കുളമായി. പമ്പയിലെ നടപ്പന്തലില്‍ ചെളികാരണം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്‌.
ചെളിനിറഞ്ഞ വഴിയിലൂടെയുള്ള തീര്‍ഥാടകരുടെ മലകയറ്റവും ഏറെ ദുഷ്‌കരമായിരിക്കുകയാണ്‌. അപ്പാച്ചിമേടും നീലിമലയും കയറാനാണ്‌ തീര്‍ഥാടകര്‍ ഏറെ ബുദ്ധിമുട്ടുന്നത്‌. ചെളിയില്‍ കാല്‍ തെന്നി തീര്‍ഥാടകര്‍ വീഴുന്ന അനുഭവവും ഉണ്ടായി.
സന്നിധാനത്തെ വിരിപ്പന്തലുകള്‍ പൊളിച്ചു നീക്കിയതിനാല്‍ തീര്‍ഥാടകര്‍ക്കു മഴ നനയാതെ കയറി നില്‍ക്കാന്‍  കഴിയുന്നില്ല. പമ്പയിലെയും നിലയ്‌ക്കലിലെയും പാര്‍ക്കിംഗ്‌ ഗ്രൗണ്‌ടിലും ചെളി നിറഞ്ഞിരിക്കുകയാണ്‌. സന്നിധാനത്തെ വിരിപ്പന്തലുകള്‍ പൊളിച്ചു നീക്കിയതിനാല്‍ പല തീര്‍ഥാടകരും ചെളിനിറഞ്ഞ സ്ഥലങ്ങളില്‍പോലും വിരി വയ്‌ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌.
അതിനിടെ സന്നിധാനത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പതിനായിരം രൂപ പിഴ ഈടാക്കി. അമിതവില, അളവ്‌ തൂക്കങ്ങളിലെ കൃത്രിമം എന്നിവ നടത്തിയ വ്യാപാരസ്ഥാപനങ്ങളില്‍നിന്നുമാണ്‌ പിഴ ഈടാക്കിയത്‌. വിവിധ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്‌തു.
ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ കെ.പി. ശശിധരന്‍നായര്‍, എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ്‌ ഹരി എസ്‌. നായര്‍, ഡപ്യൂട്ടി തഹസീല്‍ദാര്‍ ബി. ശശികുമാര്‍, വില്ലേജ്‌ ഓഫീസര്‍ സി. ഗംഗാധരന്‍തമ്പി, റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ബി. സുധേശന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്‌ടര്‍ എ. ഷഫീര്‍, ഇന്‍സ്‌പെക്‌ടര്‍ അസിസ്റ്റന്റ്‌ സാബു തുടങ്ങിയവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം