മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ്

November 30, 2011 കേരളം

കുമളി: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്. തയ്യാറെന്നും ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുമെന്നും വി.എസ്. പറഞ്ഞു. കേരളത്തിന്റെ കാശ് കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ മറ്റ് ഇടതുനേതാക്കള്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വി.എസ്. ഇങ്ങനെ പറഞ്ഞത്.

മുന്‍ മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി.തോമസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവിനൊപ്പം സന്ദര്‍ശനത്തിനെത്തിയിട്ടുള്ളത്. ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്ന സമരസമിതി പ്രവര്‍ത്തകരേയും നിരാഹാരം നടത്തുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയേയും കണ്ടശേഷമാകും സംഘം ഡാം സന്ദര്‍ശിക്കും. ഇ.എസ്. ബിജിമോളുടെ സമരം നാലാംദിവസത്തിലേക്ക് കടന്നു.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘവും മുല്ലപ്പെരിയാറില്‍ അല്‍പ്പസമയത്തിനകം സന്ദര്‍ശനം നടത്തും. വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം