അയ്യങ്കാളി പ്രജാസഭ പ്രവേശന ശതാബ്ദി 5ന്‌

November 30, 2011 കേരളം

തിരുവനന്തപുരം: കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭ പ്രവേശന ശതാബ്ദി ആഘോഷം ഡിസംബര്‍ 5ന് തിരുവനന്തപുരത്ത് നടക്കുമെന്ന് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റ് പ്രകാരം 1911 ഡിസംബര്‍ അഞ്ചിനാണ് അയ്യങ്കാളി പ്രജാസഭയില്‍ അംഗമായത്. ശതാബ്ദിയുടെ ഭാഗമായി ചരിത്രസംവാദം, ഘോഷയാത്ര സാംസ്‌കാരിക സംഗമം എന്നിവയും നടക്കും.

ഡിസംബര്‍ 5ന് രാവിലെ 10ന് കാര്‍ത്തിക തിരുനാള്‍തിയേറ്ററില്‍ നടക്കുന്ന ‘അധികാരത്തില്‍ അധഃസ്ഥിത സാന്നിധ്യത്തിന്റെ നൂറുവര്‍ഷങ്ങള്‍’ വിഷയത്തിലെ സെമിനാര്‍ പി. ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്യും. ഡോ.എം.എസ്. ജയപ്രകാശ് മോഡറേറ്ററായിരിക്കും.

വൈകീട്ട് 3ന് കിഴക്കേകോട്ടയില്‍നിന്ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷനായിരിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുക്കും. കെ.പി.എം.എസ്. ഭാരവാഹീകളായ കെ.കെ. പുരുഷോത്താമന്‍, പാച്ചിറ സുഗതന്‍, എന്‍. രമേശന്‍, കടകുളം രാജേന്ദ്രന്‍, പാങ്ങപ്പാറ പ്രഭാകരന്‍, വി. ശ്രീധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം