ശിവഗിരി തീര്‍ത്ഥാടനത്തിന് വിപുലമായ സജ്ജീകരണങ്ങള്‍

November 30, 2011 കേരളം

വര്‍ക്കല: 79-ാമത് ശിവഗിരി തീര്‍ത്ഥാടത്തിന് വിപുലമായ ഒരുക്കം. ഡിസംബര്‍ 30, 31, ജനവരി ഒന്ന് തീയതികളിലായി നടക്കുന്ന തീര്‍ത്ഥാടനത്തില്‍ 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പത്തിലധികം സമ്മേളനങ്ങള്‍ മൂന്നുദിവസമായി നടക്കും. ഇംഗ്ലണ്ട്, പാകിസ്താന്‍, തായ്‌വാന്‍, ശ്രീലങ്ക, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ശാരദ പ്രതിഷ്ഠയുടെ ശതാബ്ദിയാഘോഷ സമ്മേളനവും തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കും. പുതിയ താത്ക്കാലിക ഭരണസമിതി അധികാരമേറ്റശേഷം നടക്കുന്ന ആദ്യ തീര്‍ത്ഥാടനമാണിത്.

ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിന്റെ പ്രചാരണാര്‍ത്ഥം ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഇക്കൊല്ലം സംഘടിപ്പിക്കുന്ന പദയാത്ര ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍ നിന്ന് ഡിസംബര്‍ 20ന് പുറപ്പെടും. 30 ന് രാവിലെ ശിവഗിരിയില്‍ എത്തിച്ചേരും. ഗുരുധര്‍മ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തില്‍ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പദയാത്രയുടെ ക്യാപ്റ്റന്‍ കൃഷ്ണാനന്ദബാബുവാണ്.

ഔദ്യോഗിക പദയാത്രയ്ക്ക് പുറമേ നൂറോളം പദയാത്രകളും വാഹനറാലികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡിസംബര്‍ 31 ന് ശിവഗിരിയില്‍ എത്തിച്ചേരും. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള മേഖലാതല സാഹിത്യമത്സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരിമഠം, അദൈ്വത വിദ്യാശ്രമം കുറിച്ചി, അദൈ്വതാശ്രമം ആലുവ, സുന്ദരേശ്വരന്‍ക്ഷേത്രം കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കും. അവസാനഘട്ട മത്സരം ഡിസംബര്‍ 26, 27, 28 തീയതികളില്‍ ശിവഗിരിയില്‍ നടക്കും.

തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം തിങ്കളാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നു. തീര്‍ത്ഥാടനം നടക്കുന്ന എല്ലാ ദിനങ്ങളിലും എല്ലാ തീവണ്ടികള്‍ക്കും വര്‍ക്കലയില്‍ സ്റ്റോപ്പനുവദിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആറ് ടിക്കറ്റ് കൗണ്ടറുകളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി എല്ലാ ഡിപ്പോയില്‍ നിന്നും ശിവഗിരിയിലക്കേ് പ്രത്യേക സര്‍വീസ് ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം