മുല്ലപ്പെരിയാര്‍: കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയാന്‍ നീക്കം

December 1, 2011 ദേശീയം

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലും ജനരോഷം ആളിക്കത്തിക്കാന്‍ നീക്കം. ഇതിനായി കേരളത്തിലേക്കുള്ള വാഹനങ്ങള്‍ 21 ന് തിരുച്ചിറപ്പള്ളിയില്‍ തടയാന്‍ എംഡിഎംകെ തീരുമാനിച്ചു. എംഡിഎംകെ നേതാവ് വൈകോയാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

ഭൂചലനത്തിന്റെയും മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനകീയ സമരം ശക്തിപ്രാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ പ്രത്യക്ഷമായ സമരത്തിന് ആഹ്വാനം നടക്കുന്നത്. വിഷയത്തില്‍ തമിഴ്‌നാട്ടിലും ജനകീയ രോഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം എട്ടിന് കമ്പം തേനി മേഖലയിലെ കര്‍ഷകര്‍ക്കൊപ്പം നിരാഹാരസമരം നടത്തുമെന്നും വൈകോ അറിയിച്ചു.

വിഷയത്തില്‍ തമിഴ്‌നാട് അങ്ങേയറ്റം ക്ഷമിക്കുകയാണെന്ന് വൈകോ പറഞ്ഞു. എന്നാല്‍ എല്ലാം സഹിക്കുമെന്ന് കരുതരുതെന്നും മുല്ലപ്പെരിയാറിന് മേലുള്ള അവകാശം തമിഴ്‌നാടിന് ഉറപ്പിക്കേണ്ടതുണ്ടെന്നും വൈകോ പറഞ്ഞു. അതിനിടെ പുതിയ സാഹചര്യത്തില്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് പറഞ്ഞ് കേരളം പരിഭ്രാന്തി പരത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്ക പടര്‍ത്തുകയാണ്. വിഷയത്തില്‍ കേരളത്തിലെ നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 136.6 അടിയായിട്ടാണ് ഉയര്‍ന്നത്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയേത്തുടര്‍ന്ന് രാത്രിയോടെ ജലനിരപ്പ് 136.5 അടിയായി ഉയര്‍ന്നിരുന്നു. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിലൂടെ വ്യക്തമാകുന്നത്.

സെക്കന്‍ഡില്‍ 2461 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 1852 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താനായി സെക്കന്‍ഡില്‍ 342 ഘനയടി ജലം ഇടുക്കി പദ്ധതിയിലേക്ക് മാറ്റുന്നുണ്ട്

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം