മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.എം പോളിറ്റ്ബ്യൂറോ നിലപാട് മാറ്റണമെന്ന് വി.എസ്

December 2, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.എം പോളിറ്റ്ബ്യൂറോ നിലപാട് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേരളത്തിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളുന്ന നിലപാടല്ല പി.ബി സ്വീകരിച്ചത്. പോളിറ്റ്ബ്യൂറോ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. കേസ് അട്ടിമറിക്കുന്ന നിലപാടാണ് എ.ജി സ്വീകരിച്ചത്. അഡ്വക്കേറ്റ് ജനറല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍പ് തമിഴ്‌നാടിന്റെ അഭിഭാഷകനായിരുന്നു എന്നകാര്യം ഈ അവസരത്തില്‍ ഓര്‍ക്കണം. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് ദണ്ഡപാണിയെ നീക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആത്മാര്‍ത്ഥത തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ.ജിയുടെ നിലപാടിന് സമാനമായ പ്രസ്താവനയാണ് ഇന്ന് നടത്തിയതെന്ന് വി.എസ് ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തെ സാധൂകരിക്കാനാണോ ഈ മലക്കംമറിച്ചിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ കോടതിവിധി ഉണ്ടായത്. അന്നത്തെ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന കോടതി വിധിക്ക് കാരണം. വീണ്ടും സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസ് നടത്തിപ്പില്‍ ജാഗ്രത ഇല്ലാതായെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം