മുല്ലപ്പെരിയാര്‍ തകര്‍ന്നാലും അപകടമുണ്ടാകില്ലെന്ന് സര്‍ക്കാര്‍

December 2, 2011 കേരളം

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ആണ് ഈ നിലപാട് സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് ഈ വെള്ളം താങ്ങിനിര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ കൈക്കൊളളാന്‍ ഉദ്ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് രാവിലെ മറുപടി നല്‍കിയിരുന്നെങ്കിലും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വ്യക്തത വരുത്തി മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ വിചിത്രമായ നിലപാട് സ്വീകരിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തെ നിയമപരമായി ദുര്‍ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ വാദം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ജലനിരപ്പുമായി ബന്ധമില്ലെന്നും അണക്കെട്ടിന്റെ പ്രായമാണ് പ്രശ്‌നമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

ഇടുക്കി ചെറുതോണി, കുളമാവ് ഡാമുകളില്‍ ചെറുതോണിക്ക് മാത്രമാണ് ഷട്ടറുകള്‍ ഉള്ളത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇവിടെയെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വഴി അറബിക്കടലിലേക്ക് പോകുമെന്നും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. എന്നാല്‍ ഇത് എജിയുടെ ഭാവന മാത്രമായിരിക്കും എന്ന നിരീക്ഷണമായിരുന്നു കോടതിയുടെ മറുപടി. പിന്നെ എന്തിനാണ് നിരത്തുകളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതെന്ന ചോദ്യത്തിന് മാധ്യമങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഭീതിക്ക് കാരണമെന്നായിരുന്നു എജിയുടെ മറുപടി.

എന്നാല്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവച്ച കോടതി ഇക്കാര്യത്തില്‍ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് സാങ്കേതിക വിദഗ്ധരെ ലഭ്യമല്ലെന്നും ചൊവ്വാഴ്ച ഇവരെ ഹാജരാക്കാമെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. തുടര്‍ന്ന് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം