മഅദനി : മുന്കൂര് ജാമ്യാപേക്ഷ നാളെ പരിഗണിക്കും

August 16, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ചയാണ്‌ മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. നേരത്തെ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗൂര്‍ സെഷന്‍സ്‌ കോടതിയും കര്‍ണാടക ഹൈക്കോടതിയും തള്ളിയിരുന്നു.

2008 ജൂലൈ 25നാണ്‌ കേസിനാസ്പദമായ സംഭവം നടന്നതെന്നാണുപൊലീസ്‌ ആരോപിക്കുന്നതെന്നു മഅദനിയുടെ അഭിഭാഷകന്‍ ഹര്‍ജിയില്‍ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ മഅദനിക്കെതിരെ പ്രയോഗിച്ചിരിക്കുന്ന നിയമം അന്ന്‌ നിലവിലുണ്ടായിരുന്നില്ല. അതിനാല്‍ കുറ്റം ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെടുന്ന സമയത്തു നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ചു മാത്രമേ കേസ്‌ പരിഗണിക്കാവൂ എന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഭരണഘടനാപരമായ തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നും മഅദനി ജാമ്യാപേക്ഷയില്‍ പറയുന്നു.

മഅദനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ്‌ വാറന്റ്‌ നടപ്പാക്കാന്‍ അനുവദിച്ച സമയപരിധി നാളെ തീരുകയാണ്‌. മഅദനിക്കെതിരായ ജാമ്യമില്ലാ വാറന്റ്‌ ബാംഗൂര്‍ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട്‌ പല തവണയായി പുതുക്കി നല്‍കിയതായിരുന്നു. സമയപരിധി തീരുന്നതിനു മുമ്പ്‌ മഅദനിയെ അറസ്റ്റ്‌ ചെയ്യാനായി കേരളത്തിലെത്തിയ ബാംഗൂര്‍ പൊലീസ്‌ സംഘം അതിനായി ക്യാമ്പ്‌ ചെയ്യുന്നതിനിടെയാണ്‌ മഅദനി സുപ്രീംകോടതിയെ സമീപിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം