പാമോയില്‍ കേസ്: ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

December 3, 2011 കേരളം

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ടു തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം ഹൈക്കോടതി നീക്കി. അന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. പാമോയില്‍ കേസില്‍ കക്ഷിചേരാനുള്ള പ്രതിപക്ഷ നേതാവു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി ഹൈക്കോടതി തളളി. ജസ്റ്റീസ് കെ.ടി. ശങ്കരന്റേതാണ് ഉത്തരവ്.

വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തു കേസിലെ അഞ്ചാം പ്രതിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ നല്കിയ ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ ഗുണദോഷങ്ങളിലേക്കു കടക്കുന്നില്ലെന്നു പറഞ്ഞ കോടതി, ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു നിരീക്ഷിച്ചു.

ജിജി തോംസന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി ഹര്‍ജിക്കാരന്റെ ഭാവിയും പൊതുജനതാല്‍പര്യവും പരിഗണിച്ചു കേസില്‍ ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ടിനു നിര്‍ദേശം നല്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിചാരണ പുനരാരംഭിച്ചു കേസ് എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കോടതിക്കും ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുണ്ട്്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണു തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ 23-ാം സാക്ഷിയായ പാമോയില്‍ ഇടപാടുകാലത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവുണ്ടോയെന്ന് ഉറപ്പാക്കാനായിരുന്നു വിജിലന്‍സ് കോടതി ജഡ്ജി ഹനീഫയുടെ നിര്‍ദേശം. ഇത് ഏറെ കോളിളക്കത്തിന് ഇടയാക്കിയപ്പോള്‍ ഈ ചുമതലയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ ഹനീഫ ഹൈക്കോടതിയില്‍ അപേക്ഷ നല്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനു 2.32 കോടി രൂപ പാമോയില്‍ ഇടപാടില്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണു കേസ്. തുടരന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരന്‍ ജി ജി തോംസണ്‍ 2002 മുതല്‍ വിചാരണ തന്റെ ഔദ്യോഗിക ജീവിതത്തെ തടസപ്പെടുത്തുകയാണെന്നു പരാതിപ്പെട്ടു.

2011 സെപ്റ്റംബര്‍ 27നു വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. അതിനിടെ, തുടരന്വേഷണത്തിന് എതിരല്ലെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാനാകുമെന്നും അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷിച്ചുകൊണ്ട് അച്യുതാനന്ദനു പുറമേ സപ്ലൈകോ ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും ഇ.കെ.നാരായണനും ലോയേഴ്‌സ് യൂണിയനുമാണു തുടങ്ങിയവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം