മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തര മന്ത്രിസഭായോഗം നാളെ ചേരും

December 4, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് വിവാദമായ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭായോഗം നാളെ ചേരും. രാത്രി പത്തുമണിക്കാണ് യോഗം.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ്   ഇക്കാര്യം അറിയിച്ചത്. അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഹാജരായി ഹൈക്കോടതിയിലെ നിലപാട് സംബന്ധിച്ചു വിശദീകരണം നല്‍കും. ഇതിനു ശേഷം അഡ്വക്കറ്റ് ജനറലിനെ മാറ്റണമോ എന്ന കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എജി ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിനേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്.

അതേസമയം, മന്ത്രിമാരായ കെ.എം.മാണിയും പി.ജെ.ജോസഫും നാളെ ഉപവാസ സമരം നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. മാണി നാളെ ചപ്പാത്തിലും ജോസഫ് ഡല്‍ഹിയിലും ഉപവാസ സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ പ്രത്യക്ഷ സമരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെ സമരം എന്നതു ശ്രദ്ധേയമാണ്. അതേസമയം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ഉപവാസ സമരം നടത്തുന്നതെന്നു മാണി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം