ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു

December 5, 2011 ദേശീയം

ന്യൂഡല്‍ഹി: കേരളത്തിന്റെ ആശങ്ക പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനിച്ചു. സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി തട്ടെ, ഡി.കെ മേത്ത എന്നിവരാകും അണക്കെട്ട് സന്ദര്‍ശിക്കുക. സമീകാലത്ത് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഭൂചലനങ്ങളെ തുടര്‍ന്ന് അണക്കെട്ടിന് കൂടുതല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന കേരളത്തിന്റെ വാദം കണക്കിലെടുത്താണ് സന്ദര്‍ശനത്തിന് തയാറായിരിക്കുന്നത്.
ജനവരി 2,3 തീയതികളിലാണ് സമിതി അടുത്ത യോഗം ചേരുക. അതിന് മുമ്പായി സാങ്കേതിക വിദഗ്ധര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. കേരളത്തെ സംബന്ധിച്ച് തട്ടെയുടേയും മേത്തയുടേയും സന്ദര്‍ശനം നിര്‍ണായകമാണ്. ഡാമിന് സംഭവിച്ചിരിക്കുന്ന ബലക്ഷയം സന്ദര്‍ശന വേളയില്‍ അവരെ ധരിപ്പിക്കാനായാല്‍ അത് കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരും.

ഡാമിന്റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധരുടെ പഠനറിപ്പോര്‍ട്ട് പരിഗണിക്കാമെന്നും സമിതി സമ്മതിച്ചു. എന്നാല്‍ ഈ പഠനം നടത്തിയ ഐ.ഐ.ടിയിലെ വിദഗ്ധരെ സാക്ഷികളാക്കണമെന്ന കേരളത്തിന്റെ ആവശ്യം പക്ഷേ സമിതി അംഗീകരിച്ചില്ല. അതുപോലെ വിവിധ വകുപ്പുകളുടെയും വിദഗ്ധരുടെയും അടക്കം സമിതിക്ക് മുമ്പാകെ ലഭിച്ചിട്ടുള്ള ഏഴ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സമിതി ഈ ആവശ്യവും തള്ളി.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദം കേള്‍ക്കാനും ഉന്നതാധികാര സമിതിയുടെ ഉന്നത്തെ യോഗം തീരുമാനിച്ചു. കേരളത്തിന്റെ അപേക്ഷ പരിഗണിച്ചാണിത്. തമിഴ്‌നാടിനെ ഈ വിവരം അറിയിച്ചിട്ടില്ലാത്തതിനാല്‍ വാദം കേള്‍ക്കുന്നതിന് മറ്റൊരു തീയതി തീരുമാനിച്ച് രണ്ട് സംസ്ഥാനങ്ങളേയും അറിയിക്കും. ഇരു സംസ്ഥാനങ്ങളിലേയും ഓരോ അഭിഭാഷകരെ വീതം ഇതിനായി നിയോഗിക്കണം.

മുല്ലപ്പെരിയാര്‍ മേഖലയില്‍ സമീപകാലത്തുണ്ടായ ഭൂചലനങ്ങള്‍ 116 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനെ ബാധിച്ചിട്ടുണ്ടെന്ന് കേരളം നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കേരളത്തിന്റെ വാദം കേള്‍ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളം സമര്‍പ്പിച്ച അപേക്ഷ ഉന്നതാധികാര സമിതി സ്വീകരിച്ചുവെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. രമേശ് ബാബു പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. 2006 ലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദ് അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ചത്. 2012 ഫിബ്രവരിയില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം