ഇന്റര്‍നെറ്റില്‍ പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍

December 6, 2011 ദേശീയം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്‍ പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതല്ല മറിച്ച് അതിന്റെ ഉള്ളടക്കം സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.  മാധ്യമസ്വാതന്ത്ര്യം തടയുകയല്ല ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയും മതപരമോ അല്ലാത്തതോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. ഇതിനൊരു പരിഹാരം ആവശ്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദുരുദ്ദേശപരമായ ഉള്ളടക്കമുള്ളവ നീക്കം ചെയ്യാനും ഉള്ളടക്കം പരിശോധിക്കാനുമുള്ള സംവിധാനമാണ് നടപ്പാക്കുക-കേന്ദ്രമന്ത്രി പറഞ്ഞു.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതായും പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവര്‍ മറുപടി ഇതുവരെ അറിയിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം