മുല്ലപ്പെരിയാര്‍: അഡ്വക്കറ്റ് ജനറല്‍ പ്രസ്താവന പിന്‍വലിക്കും

December 7, 2011 കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ പ്രസ്താവന സര്‍ക്കാര്‍ പിന്‍വലിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.  വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരൂമാനിച്ചു. വിഷയം ഏകോപിച്ചു സത്യവാങ്മൂലം തയാറാക്കാന്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ   നാലംഗ ഉപസമിതിയെ നിയോഗിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും എജിയുടെ പ്രസ്താവന പിന്‍വലിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന് താന്‍ ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് എജി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. പരസ്പരവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നു തന്നെയാണ്   ആവശ്യപ്പെട്ടത്. തന്റെ പ്രസ്താവന ഭാഗികമായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിക്കുകയും ചെയ്തതായി എജി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയ സാഹചര്യത്തിലാണ് എജിയെ ഇന്നു മന്ത്രിസഭാ യോഗത്തിലേക്കു വിളിച്ചു വരുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം